അതാണ് ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളിയെന്ന് പ്രിയദര്‍ശന്‍ സര്‍ പറഞ്ഞു, എന്നാല്‍ ഞാന്‍ അങ്ങനെ ചിന്തിച്ചിട്ടില്ല: മനു അശോകന്‍

‘ഉയരെ’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ മനു അശോകന്‍ ഒരുക്കുന്ന ചിത്രമാണ് ‘കാണെക്കാണെ’. ഉയരെ വന്‍ വിജയമായതിന് ശേഷം അടുത്തൊരു സിനിമ ചെയ്യുമ്പോള്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് മനു അശോകന്‍ ഇപ്പോള്‍. സംവിധായകന്‍ പ്രിയദര്‍ശന്‍ തന്നോട് പറഞ്ഞ കാര്യങ്ങളടക്കം പങ്കുവച്ചാണ് മനു അശോകന്‍ സംസാരിക്കുന്നത്.

”പ്രിയദര്‍ശന്‍ സര്‍ ഒരിക്കല്‍ എന്നോടു പറഞ്ഞിരുന്നു, ഒന്നാമത്തെ സിനിമയല്ല, രണ്ടാമത്തെ സിനിമയാണ് ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി എന്ന്. എനിക്ക് ഒരു ഘട്ടത്തില്‍ അങ്ങനെയൊരു സമ്മര്‍ദ്ദം ഉണ്ടായിരുന്നു. അടുത്ത സിനിമ എന്തായിരിക്കും എന്നൊരു ചിന്ത. ഉയരെ എന്ന സിനിമ സംഭവിച്ചു കഴിഞ്ഞു.”

”അത് ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു. അതിനു മുകളില്‍ പോകണം എന്നു ഞാന്‍ ചിന്തിച്ചിട്ടില്ല. ഞങ്ങളും ചിന്തിച്ചിട്ടില്ല. അടുത്തൊരു കഥ വിശ്വസനീയമായ രീതിയില്‍ പറയാന്‍ കിട്ടണം എന്നേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് ചെയ്യാന്‍ തോന്നുന്ന ഒരു കഥ. അവര്‍ക്ക് എഴുതാന്‍ തോന്നുന്ന ഒരു കഥ. ഒരു ഫിലിംമേക്കര്‍ എന്ന നിലയില്‍ ഉയരെ എന്ന സിനിമയേക്കാള്‍ അടുത്തൊരു പടിയിലേക്ക് പോകണം എന്നുണ്ടായിരുന്നു.”

”എന്നാല്‍ അതൊരു ബാധ്യതയായോ ഭയമായോ തോന്നിയിട്ടില്ല. ഞാനാ ജോലി ആസ്വദിച്ചു ചെയ്തു. ബാക്കി വിലയിരുത്തേണ്ടത് പ്രേക്ഷകരാണ്. ഉയരെക്ക് മുകളില്‍ ആകണം എന്നൊരു ആഗ്രഹമുണ്ട്. കാരണം ഒരു വളര്‍ച്ചയാണല്ലോ നമ്മള്‍ ആഗ്രഹിക്കുന്നത്” എന്നാണ് സംവിധായകന്‍ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.