ഐപിഎല്‍ 2025ല്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മോശമല്ലാത്ത പ്രകടനമാണ് ഈ സീസണിലും കാഴ്ചവയ്ക്കുന്നത്. ആറ് കളികളില്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ ആറ് പോയിന്റാണ് അവര്‍ക്കുളളത്. അജിന്‍ക്യ രഹാനെ നയിക്കുന്ന ടീം ബാറ്റിങ്ങിലും ബോളിങ്ങിലും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കൊല്‍ക്കത്തയ്ക്കായി കളിച്ച് ഇന്ത്യന്‍ ടി20 ടീമില്‍ വരെ എത്തിയ താരമാണ് രമണ്‍ദീപ് സിങ്. ഓള്‍റൗണ്ടറായ താരം ഐപിഎലില്‍ ശ്രദ്ധേയ പ്രകടനമാണ് മുന്‍ സീസണുകളില്‍ എല്ലാം കാഴ്ചവച്ചത്. കഴിഞ്ഞ ലേലത്തില്‍ നാല് കോടി രൂപയ്ക്കാണ് കെകെആര്‍ ടീം രമണ്‍ദീപിനെ നിലനിര്‍ത്തിയത്.
അതേസമയം ലേലത്തിന് മുന്‍പ് മറ്റു ഫ്രാഞ്ചൈസികളില്‍ നിന്നും തനിക്ക് ഓഫറുകള്‍ വന്നിരുന്നതായി തുറന്നുപറയുകയാണ് യുവതാരം. “കൊല്‍ക്കത്തയില്‍ തുടരരുതെന്നും ഒമ്പത് മുതല്‍ 10 കോടി വരെ തരാം ഞങ്ങളുടെ ടീമില്‍ ചേരൂ എന്നും പറഞ്ഞാണ് ഫ്രാഞ്ചൈസികള്‍ തന്നെ സമീപിച്ചതെന്നാണ് രമണ്‍ദീപ് പറഞ്ഞത്. എന്നാല്‍ ഔ ഓഫറുകളെല്ലാം വേണ്ടെന്നുവച്ച് തനിക്ക് നിരവധി അവസരങ്ങള്‍ തന്ന ടീമിനൊപ്പം തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും താരം പറഞ്ഞു. ഒരു ടീം തന്നെ നിലനിര്‍ത്തുന്നത് ആത്മവിശ്വാസം കൂട്ടുന്ന കാര്യമാണെന്ന് രമണ്‍ദീപ് പറയുന്നു. നിരവധി ടീമുകള്‍ എന്നോട് പറഞ്ഞു, ഞങ്ങള്‍ നിന്നെ ടീമിലെടുക്കാം. 9-10 കോടി വരെ തരാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷേ വിശ്വസ്തത എനിക്ക് വളരെ പ്രധാനമാണ്”, താരം പറഞ്ഞു.
Read more
“ലേലത്തിന് മുന്‍പ് ഞങ്ങള്‍ നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്നവരുടെ പദ്ധതികളില്‍ രമണ്‍ദീപ് ഉണ്ടെന്ന് കൊല്‍ക്കത്ത ടീമിന്റെ ചീഫ് എക്‌സിക്യൂട്ടീവ് എന്നോട് പറഞ്ഞു. എന്താണ് നിങ്ങളുടെ തീരുമാനമെന്ന് അദ്ദേഹം ചോദിച്ചു. നിങ്ങള്‍ ലേലത്തില്‍ പോവുകയാണെങ്കില്‍ ടീമിലെടുക്കാന്‍ ഞങ്ങള്‍ ശ്രമിക്കാമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ എന്നെ നിലനിര്‍ത്തിയതില്‍ സന്തോഷമുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ലേലത്തില്‍ ഉള്‍പ്പെട്ടാല്‍ നിങ്ങള്‍ ഏത് ടീമില്‍ ആയിരിക്കും എത്തുകയെന്ന് യാതൊരു ഉറപ്പുമില്ല. കെകെആറിനെ വിടാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. കുറച്ച് കോടി രൂപയുടെ കുറവ് ഒരു വ്യത്യാസവും ഉണ്ടാക്കിയില്ല. അവരുടെ വാക്ക് മാനിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു”, രമണ്‍ദീപ് സിങ് കൂട്ടിച്ചേര്‍ത്തു.