അജിത്ത് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ക്കെതിരെ നിയമനടപടിയുമായി സംഗീതജ്ഞന്‍ ഇളയരാജ. താന്‍ ഈണമിട്ട ഗാനങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ചാണ് നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സിന് ഇളയരാജ നോട്ടീസ് അയച്ചു. 5 കോടി രൂപയാണ് ഇളയരാജ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
‘ഒത്ത രൂപ തരേന്‍’, ‘എന്‍ ജോഡി മഞ്ഞക്കരുവി’, ‘ഇളമൈ ഇതോ ഇതോ’ എന്നീ ഗാനങ്ങള്‍ ഉപയോഗിച്ചതിനാണ് നോട്ടീസ്. നഷ്ടപരിഹാരമായി 5 കോടി നല്‍കണമെന്നും ഏഴ് ദിവസത്തിനകം ഗാനങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. നേരത്തെയും നിരവധി സിനിമകളില്‍ താന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍ അനുവാദം കൂടാതെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാണിച്ച് ഇളയരാജ രംഗത്തുവന്നിട്ടുണ്ട്.
സ്റ്റേജ് ഷോകള്‍ക്കെതിരെയും അദ്ദേഹം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. അതേസമയം, നിലവില്‍ ഗുഡ് ബാഡ് അഗ്ലി നിര്‍മ്മാതാക്കള്‍ ഇളയരാജയുടെ നോട്ടീസിനോട് പ്രതികരിച്ചിട്ടില്ല. ഏപ്രില്‍10ന് ആയിരുന്നു ഗുഡ് ബാഡ് അഗ്ലി റിലീസ് ചെയ്തത്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം അഞ്ച് ദിവസത്തില്‍ 100 കോടിയോളം രൂപ കളക്ട് ചെയ്തു കഴിഞ്ഞു.
മാസ് ആക്ഷന്‍ പടമായി ഒരുങ്ങിയ ഗുഡ് ബാഡ് അഗ്ലിയില്‍ സുനില്‍, ഷൈന്‍ ടോം ചാക്കോ, പ്രസന്ന, ജാക്കി ഷെറോഫ്, പ്രഭു, യോഗി ബാബു, തൃഷ, പ്രിയ വാര്യര്‍, സിമ്രാന്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത്.