അന്ന് എന്നെ തുണ്ടുപടത്തിന്റെ സംവിധായകനെന്ന് പറഞ്ഞ് അപമാനിച്ചു, ഇന്ന് കാതൽ പ്രശംസകൾ ഏറ്റുവാങ്ങുന്നു: എം ബി പദ്മകുമാർ

2014 കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ സുദേവ് നായർക്ക് മികച്ച നടനുള്ള പുരസ്കാരം നേടികൊടുത്ത സിനിമയായിരുന്നു എം ബി പദ്മകുമാർ സംവിധാനം ചെയ്ത ‘മൈ ലൈഫ് പാര്‍ട്ണര്‍’ എന്ന ചിത്രം. സ്വവർഗ്ഗാനുരാഗം തന്നെയാണ് സിനിമയുടെയും മുഖ്യ പ്രമേയം. ജിയോ ബേബി- മമ്മൂട്ടി കൂട്ടുക്കെട്ടിലിറങ്ങിയ ‘കാതൽ’ ഇന്ന് പ്രശംസകൾ ഏറ്റുവാങ്ങുമ്പോൾ ഒരു സിനിമ ചെയ്തതുമൂലം അന്ന് തനിക്കുണ്ടായ ദുരനുഭവങ്ങളും മറ്റും തുറന്നുപറയുകയാണ് സംവിധായകൻ എം. ബി പദ്മകുമാർ

സൂപ്പർതാരങ്ങൾ ഇല്ലാത്തതുകൊണ്ട് തന്നെ സിനിമയ്ക്ക് അന്ന് തിയേറ്ററുകൾ ഒന്നും ലഭിച്ചിരുന്നില്ലെന്നും തന്റെ മക്കളെ സ്കൂളിൽ തുണ്ടുപടത്തിന്റെ സംവിധായകന്റെ മക്കളാണെന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ടെന്നും എം ബി പദ്മകുമാർ പറയുന്നു.

“2014 ൽ ഞാൻ അനുഭവിച്ച ഒരു മാനസിക സംഘർഷം വല്ല വളരെ വലുതായിരുന്നു. ഒരു സ്വവർഗ പ്രണയ സിനിമ ഞാൻ ചെയ്തു എന്നതിന്‍റെ പേരില്‍ എനിക്കെതിരെ സമൂഹം കല്ലെറിഞ്ഞു. മൈ ലൈഫ് പാര്‍ട്ണര്‍ എന്ന ചിത്രം എടുക്കാന്‍ ഏറെ ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്നു. അന്ന് സൂപ്പര്‍താരങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ കാതലിന് സമാനമായ പ്രമേയം ആയിരുന്നിട്ടും തീയറ്റര്‍ ഒന്നും ലഭിച്ചില്ല. രണ്ട് മള്‍ട്ടിപ്ലക്സുകളിലാണ് ചിത്രം കളിക്കാന്‍ സാധിച്ചത്. എന്നാല്‍ അവിടെ കാണികളും എത്തിയില്ല. എന്റെ കുട്ടികൾ സ്കൂളിൽ പോകുമ്പോൾ അവരോട് പറഞ്ഞത് പച്ച മലയാളത്തിൽ പറഞ്ഞാൽ തുണ്ട് സിനിമയുടെ സംവിധായകന്‍റെ മക്കള്‍ എന്നാണ്.

എന്റെ സിനിമ റിലീസ് ചെയ്ത സമയത്ത് നിങ്ങൾ ഇത് കണ്ടിട്ട് അഭിപ്രായം പറയൂ എന്ന് പറഞ്ഞ് പല സൂപ്പർ താരങ്ങളെയും സമീപിച്ചിരുന്നു. ലുലു മാളില്‍ സിനിമ റിലീസ് ചെയ്തപ്പോള്‍ തീയറ്ററില്‍ ചിത്രം പ്രദര്‍ശിച്ചപ്പോള്‍, ആരെങ്കിലും ചിത്രം കാണാന്‍ വരണെ എന്നായിരുന്നു പ്രാര്‍ത്ഥന. നിര്‍മ്മാതാവും ഏറെ കഷ്ടങ്ങള്‍ അനുഭവിച്ചു. നിർമ്മാതാവ് അതിന്റെ റൈറ്റ്സ് ആർക്കോ ഓൺലൈനിൽ കൊടുത്തു. അവർ അത് കഷണം കഷണം ആക്കി ചില ഭാഗങ്ങൾ ആക്കിയാണ് യൂട്യൂബിൽ ഇട്ടത്. അതിനാല്‍ തന്നെ സിനിമ കൃത്യമായി ഒരു പ്രേക്ഷകരിൽ എത്തിക്കാൻ കഴിഞ്ഞില്ല. എന്‍റെ സിനിമ അത് സ്വവർഗ പ്രണയം പറഞ്ഞ് സിനിമ തന്നെയായിരുന്നു. മറ്റൊരുതലത്തിൽ സൗഹൃദ പ്രണയത്തെ കുറിച്ച് പറഞ്ഞ സിനിമയായിരുന്നു”

ഫേയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് എംബി പദ്മകുമാർ തന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞത്.