അമ്മേ.. ഞാന്‍ പ്ലസ്ടു ഫെയില്‍ അല്ല, പാസ്..; ഹയര്‍ സെക്കന്‍ഡറി റിസല്‍ട്ടുമായി മീനാക്ഷി

തന്റെ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പങ്കുവച്ച് നടിയും അവതാരകയുമായ മീനാക്ഷി അനൂപ്. പ്ലസ്ടുവിന് 83 ശതമാനം മാര്‍ക്ക് നേടിയാണ് മീനാക്ഷിയുടെ മിന്നുന്ന ജയം. അമ്മയോടൊപ്പം ചേര്‍ന്നിരിക്കുന്ന ചിത്രം പങ്കുവച്ചാണ് മീനാക്ഷി പ്ലസ്ടു വിജയിച്ച വിവരം ആരാധകരെ അറിയിച്ചത്.

മീനാക്ഷിയുടെ വാക്കുകള്‍ ഇങ്ങനെ: ‘അമ്മേ.. ഞാന്‍ ട്വല്‍ത്ത് ഫെയില്‍ അല്ല പാസ്! 83 ശതമാനം ന്ന്.’ പ്ലസ്ടു ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച മീനാക്ഷിക്ക് അഭിനന്ദനങ്ങളുമായി നിരവധി പേരെത്തി. ആരാധകരുടെ രസകരമായ കമന്റുകള്‍ക്ക്, മറുപടികളും മീനാക്ഷി നല്‍കി.

‘ഇത്രേ കിട്ടിയുള്ളൂ’ എന്നു ചോദിച്ച ആരാധകന് ‘ത്രേ ഒത്തൊള്ളൂ’ എന്നായിരുന്നു മീനാക്ഷിയുടെ മറുപടി. പരീക്ഷയില്‍ ലഭിച്ച ഉയര്‍ന്ന മാര്‍ക്കു കണ്ട്, ‘കോപ്പിയടിച്ച്… നമ്മള് സെയിം വൈബ് അല്ലേ… ചേട്ടനും പെങ്ങളും’ എന്നു കമന്റ് ചെയ്ത ആരാധകന്, ‘സഹോദരങ്ങളില്‍ ഒന്ന് നല്ലതും മറ്റേത് ചീത്തയുമായിരുന്നു’ എന്നായിരുന്നു മീനാക്ഷിയുടെ മറുപടി.

അതേസമയം, മധുര നൊമ്പരം എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് മീനാക്ഷി അഭിനയത്തിലേക്ക് എത്തുന്നത്. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലും എത്തി. നിരവധി ടെലിഫിലിമുകളിലും നടി അഭിനയിച്ചിട്ടുണ്ട്. നിലവില്‍ മ്യൂസിക് ഷോയുടെ അവതാരകയായി ടെലിവിഷനില്‍ സജീവമാണ് മീനാക്ഷി.