മീടുവിന്റെ പേരില്‍ പ്രതികാരനടപടി; സംവിധായകന്‍ വിദേശയാത്രയും പഠനവും മുടക്കാന്‍ ശ്രമിക്കുന്നുവെന്ന് ലീന മണിമേഖല

മീടൂ ആരോപണമുന്നയിച്ചതിന്റെ പേരില്‍ തമിഴ് സംവിധായകന്‍ സുശി ഗണേശന്‍ വിദേശയാത്രയും പഠനവും മുടക്കാന്‍ ശ്രമിക്കുന്നെന്ന് സംവിധായികയും എഴുത്തുകാരിയുമായ ലീന മണിമേഖല. രണ്ടരവര്‍ഷം മുമ്പ് നടത്തിയ വെളിപ്പെടുത്തലിന്റെ പേരില്‍ സുശി ഗണേശന്‍ മാനനഷ്ടത്തിന് ഹര്‍ജി നല്‍കുകയും പാസ്‌പോര്‍ട്ട് തടഞ്ഞുവെക്കാന്‍ പരാതി നല്‍കുകയും ചെയ്തു.

പാസ്‌പോര്‍ട്ട് തടഞ്ഞുവെക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ചെന്നൈ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇത് വീണ്ടും പരിഗണിക്കണമെന്നാവശ്യപ്പെട്ട് സുശി ഗണേശന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. മാനനഷ്ടക്കേസ് കൂടാതെ 18 ഹര്‍ജികള്‍ തനിക്കെതിരേ സമര്‍പ്പിച്ചിട്ടുണ്ടെന്നും ലീന പറഞ്ഞു.

Read more

കൂടുതല്‍ കേസുകളില്‍ വിചാരണ നടക്കുന്നതിനാല്‍ ഉപരിപഠനത്തിനായി കാനഡയില്‍ പോകാന്‍ കഴിയുന്നില്ല. ഒന്നരപ്പതിറ്റാണ്ട് മുമ്പ് നടന്ന സംഭവത്തിന്റെപേരില്‍ 2018-ലാണ് ലീന മണിമേഖല സുശി ഗണേശനെതിരേ ആരോപണം ഉന്നയിച്ചത്. 2005-ല്‍ ടി.വി. ചാനലിന് വേണ്ടി സുശി ഗണേശനുമായി അഭിമുഖം നടത്തിയ ശേഷം ചെന്നൈയിലെ സ്റ്റുഡിയോയില്‍നിന്ന് വീട്ടിലേക്ക് പോകുമ്പോള്‍ കാറില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. 2017-ല്‍ ഫെയ്സ് ബുക്കിലൂടെ ഈ അനുഭവം പങ്കുവെച്ചെങ്കിലും ആരാണ് പീഡനശ്രമം നടത്തിയതെന്ന് വെളിപ്പെടുത്തിയിരുന്നില്ല.