സിനിമ തന്നെയാണോ എന്റെ ജോലിയെന്ന് ഇപ്പോഴും അറിയില്ല: മോഹന്‍ലാല്‍

സിനിമ തന്റെ ലക്ഷ്യമായിരുന്നില്ലെന്ന് നടന്‍ മോഹന്‍ലാല്‍. താന്‍ ഒരിക്കല്‍ പോലും സിനിമയ്ക്ക് വേണ്ടി പരിശീലനങ്ങളോ തയ്യാറെടുപ്പുകളോ ഒന്നും നടത്തിയിട്ടില്ല. സുഹൃത്തുക്കളിലൂടെയാണ് സിനിമയിലേക്ക് എത്തിപ്പെടുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു. ഗൃഹലക്ഷ്മി മാഗസിനില്‍ മമ്മൂട്ടിയെ കുറിച്ച് എഴുതിയ ലേഖനത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘സിനിമ എന്റെ സ്വപ്നമോ ലക്ഷ്യമോ ആയിരുന്നില്ല. ഒരിക്കലും. ഇപ്പോഴും ഇത് തന്നെയാണോ എന്റെ ജോലി എന്ന് എനിക്ക് അറിയില്ല. സൗഹൃദങ്ങള്‍ കാരണം ഇവിടെ വന്ന് പെട്ടയാളാണ് ഞാന്‍. യാതൊരു വിധ പരിശീലനങ്ങളും ലഭിച്ചിട്ടില്ല. അഭിനയിക്കാനായി ഒരു തയ്യാറെടുപ്പുകളും നടത്താറില്ല. എല്ലാം നേരെയാവണെ എന്ന പ്രാര്‍ത്ഥനയോട് കൂടി അങ്ങ് ചെയ്യുന്നു എന്ന് മാത്രം’ – മോഹന്‍ലാല്‍

നിലവില്‍ മോഹന്‍ലാല്‍ ബ്രോ ഡാഡിയുടെ ചിത്രീകരണത്തിലാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഹൈദരാബാദില്‍ തുടരുകയാണ്. മോഹന്‍ലാല്‍, കനിഹ, കല്യാണി പ്രിയദര്‍ശന്‍, മീന എന്നിവരാണ് നിലവില്‍ ചിത്രീകരണത്തിനായി ജോയിന്‍ ചെയ്ത താരങ്ങള്‍.

ജൂണിലാണ് പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ബ്രോ ഡാഡി ചെയ്യുന്നു എന്ന പ്രഖ്യാപനം നടത്തിയത്. ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷം ചെയ്യുന്നുണ്ട്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍, കനിഹ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്. ദീപക് ദേവാണ് സംഗീത സംവിധായകന്‍. ആര്‍ട്ട് ഡയറക്ടര്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: സിദ്ധു പനക്കല്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.