എന്നെ കുറിച്ച് വളരെ മോശം കാര്യങ്ങളൊക്കെ അവര്‍ എഴുതും പക്ഷേ; മനസ്സ് തുറന്ന് മോഹന്‍ലാല്‍

സോഷ്യല്‍ മീഡിയ പ്രതികരണങ്ങളെ താന്‍ ഒട്ടുംതന്നെ മുഖവിലയ്‌ക്കെടുക്കാറില്ലെന്ന് മോഹന്‍ലാല്‍. സിനിമയേ കുറിച്ചും ബ്ലോഗുകളേപ്പറ്റിയും ധാരാളം വിമര്‍ശനങ്ങള്‍ ഇങ്ങനെ വരാറുണ്ടെന്ന് ആരെങ്കിലും പറയുമ്പോഴാണ് താന്‍ അറിയുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു. ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും മനസ്സിലേക്ക് എടുക്കാന്‍ തോന്നാത്തതു കൊണ്ടാണ് ഇത്തരമൊരു രീതി അവലംബിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

ഏഷ്യാവില്ലെ മലയാളത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ മനസ്സ് തുറന്നത്. മുഖമില്ലാത്ത ഐഡികളില്‍ നിന്നുമായിരിക്കും തനിക്ക് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉണ്ടാവുക എന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇതൊക്കെ വായിക്കുമ്പോഴാണല്ലോ നമുക്ക് ബുദ്ധിമുട്ടുണ്ടാവുക. അപ്പോള്‍ പിന്നെ വായിക്കാതിരുന്നാല്‍ മതിയല്ലോ’, മോഹന്‍ലാല്‍ പറയുന്നു.

ഇങ്ങനെ എഴുതുന്നവര്‍ക്ക് ജീവിതത്തില്‍ സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ അത് നല്ല കാര്യമല്ലേയെന്നാണ് ലാല്‍ അവതാരകയോട് ചോദിക്കുന്നത്.

‘വളരെ മോശമായ കാര്യങ്ങളൊക്കെ അവരെഴുതും. അപ്പോള്‍ അവരല്ലേ അതൊക്കെ തിരിച്ചറിഞ്ഞ് മാറേണ്ടത്? സോഷ്യല്‍ മീഡിയയെ നല്ല രീതിയില്‍ ഉപയോഗിക്കാനാണ് എനിക്ക് താത്പര്യം. മോശം പ്ലാറ്റ്‌ഫോമായി ഉപയോഗിക്കുന്നവരോട് സഹതാപം മാത്രമേ തോന്നാറുള്ളൂ’, മോഹന്‍ലാല്‍ പറഞ്ഞു.