ഇപ്പോഴും വരുന്നത് അടി വാങ്ങുന്ന വേഷങ്ങള്‍, വില്ലന്മാരുടെ ജീവിതം ദുരിതം, മാനസികമായും സാമ്പത്തികമായും നേട്ടമില്ല; മനസ്സുതുറന്ന് കീരിക്കാടന്‍ ജോസ്

കിരീടത്തിലെ കീരിക്കാടന്‍ ജോസായി എത്തിയ മോഹന്‍രാജിനെ മലയാളി പ്രേക്ഷകര്‍ മറക്കില്ല. ചിത്രത്തിന്റെ കഥ പോലും അറിയാതെ വന്നഭിനയിച്ച അദ്ദേഹം പിന്നീട് അറിയപ്പെട്ടത് മുഴുവന്‍ ആ കഥാപാത്രത്തിന്റെയും സിനിമയുടെയും പേരിലാണ്. ഇപ്പോഴും തനിക്ക് സിനിമയില്‍ നിന്ന് അവസരങ്ങള്‍ വരാറുണ്ടെന്നും എന്നാല്‍ എല്ലാം അടിവാങ്ങുന്ന വേഷങ്ങള്‍ തന്നെയാണെന്നും മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

“”കലാധരന്‍ എന്ന സുഹൃത്തുവഴിയാണ് കിരീടത്തിലേക്കെത്തുന്നത്. സംവിധായകനും എഴുത്തുകാരനും കണ്ട് ഇഷ്ടമായതോടെ വേഷം ലഭിച്ചു. അഭിനയിക്കാനെത്തിയപ്പോഴും കഥയൊന്നും ആരും പറഞ്ഞുതന്നില്ല. ചോദിക്കാനും പോയില്ല. തിരുവനന്തപുരം ആര്യനാടുവെച്ചാണ് സംഘട്ടനരംഗം ചിത്രീകരിച്ചത്. മോഹന്‍ലാല്‍തന്നെയാണ് ഇങ്ങനെ അടിക്കണം, ഇത്തരത്തില്‍ തടുത്താല്‍ നന്നാകുമെന്നെല്ലാം പറഞ്ഞുതന്നത്. സ്‌കൂള്‍കാലത്ത് നാഷണല്‍ അത്ലറ്റിക് ആയതിന്റെ ഗുണം സംഘട്ടനരംഗങ്ങള്‍ക്ക് ഉപകരിച്ചു. ക്ലൈമാക്സ് രംഗത്തിനായി ശരീരം ഒരുപാട് ചളിതിന്നിട്ടുണ്ട്.”” മോഹന്‍രാജ് പറഞ്ഞു.

കിരീടം സിനിമ കാണാനായി ആദ്യ ഷോയ്ക്ക് പോയപ്പോള്‍ ഉണ്ടായ അനുഭവവും അദ്ദേഹം പങ്കുവെച്ചു.

“”നളന്ദ ഹോട്ടലിലായിരുന്നു അന്ന് താമസം. അഭിനയിച്ച സിനിമ പ്രദര്‍ശനത്തിനെത്തിയ വിവരം ഒപ്പമുള്ളവരോട് പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല. പിന്നെ അവരെയും കൂട്ടി നേരെ തിയ്യറ്ററിലേക്ക്. കോഴിക്കോട് അപ്സരയില്‍ നിന്നാണ് കിരീടം ആദ്യമായി കാണുന്നത്. സംഘട്ടനരംഗമെല്ലാം ശ്വാസമടക്കിപ്പിടിച്ചാണ് അന്ന് പ്രേക്ഷകര്‍ കണ്ടത്. ഇടവേളയായപ്പോള്‍ സിനിമയിലെ വില്ലന്‍ തിയ്യറ്ററിലുണ്ടെന്ന വാര്‍ത്ത പരന്നു. സുഹൃത്തുക്കള്‍ വട്ടംനിന്ന് എനിക്ക് സുരക്ഷ ഒരുക്കുകയായിരുന്നു. സിനിമ കഴിയുമ്പോഴേക്കും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായി പോലീസിന്റെ സഹായം തേടേണ്ടിവന്നു. തിയ്യറ്ററില്‍ നിര്‍ത്തിയിട്ട എന്റെ ബുള്ളറ്റ് സുഹൃത്തുക്കളാണ് പിന്നീട് താമസസ്ഥലത്തെത്തിച്ചത്. സിനിമാപ്രേമികള്‍ക്ക് ഇത്രത്തോളം ആവേശമുണ്ടാകുമെന്ന് എനിക്കറിയില്ലായിരുന്നു.””

Read more

സിനിമയിലെ വില്ലന്മാരുടെ ജീവിതം കഷ്ടമാണെന്നും മാനസികമായും സാമ്പത്തികമായും നേട്ടമൊന്നും ഇല്ലെന്നുമാണ് അദ്ദേഹം പറയുന്നത്.