ഏഷ്യാനെറ്റ് ന്യൂസിനെതിരെയുള്ള പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി; വിധിന്യായത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന് കോടതിയുടെ അഭിനന്ദനം

ഏഷ്യാനെറ്റ് ന്യൂസിനെതിരെയുള്ള പോക്‌സോ കേസ് റദ്ദാക്കി ഹൈക്കോടതി. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ ഉള്‍പ്പെടെ ആറ് മാധ്യമ പ്രവര്‍ത്തകരെ പ്രതിയാക്കി കോഴിക്കോട് വെള്ളയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ആണ് കേസിന് ആധാരം. പോക്‌സോ, ബാലനീതി വകുപ്പുകള്‍ പ്രകാരം ചുമത്തിയ കുറ്റങ്ങളും ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങളും നിലനില്‍ക്കില്ലെന്ന് കോടതി കണ്ടെത്തി.

കേരളത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ എഷ്യാനെറ്റ് ന്യൂസ് 2022 നവംബറില്‍ സംപ്രേഷണം ചെയ്ത പരമ്പരയാണ് മാസങ്ങള്‍ നീണ്ട ഭരണകൂട, പൊലീസ് വേട്ടയ്ക്ക് കാരണമായത്. തെളിവായി സമര്‍പ്പിച്ച പരമ്പരയിലെ വാര്‍ത്തകള്‍ കണ്ട കോടതി ഈ സാമൂഹിക വിപത്തിനെതിരെ വാര്‍ത്തകള്‍ നല്‍കിയതിന് ഏഷ്യാനെറ്റ് ന്യൂസിനെ അഭിനന്ദിച്ചു.

നമ്മുടെ ചുറ്റുവട്ടത്തെ പൊലീസ് സ്റ്റേഷന്റെയും എക്‌സൈസ് ഓഫീസിന്റെയും പരിസരങ്ങളില്‍ പോലും മയക്കുമരുന്ന് സുലഭമായി ലഭിക്കുമെന്ന വിവരം നല്‍കി പൊതുജനങ്ങളെ ജാഗരൂകരാക്കുകയാണ് പരമ്പരയുടെ ഉദ്ദേശ്യം. ലഹരി വിപത്ത് തടയുകയാവണം ഇക്കാലത്ത് നമ്മുടെ പ്രധാന ലക്ഷ്യം. അതിനായുള്ള ഏതു ശ്രമവും ശ്ലാഘനീയമാണ്. ചാനലിന് അഭിനന്ദനങ്ങളെന്നായിരുന്നു ജസ്റ്റിസ് ബദറുദീന്‍ വിധിന്യായത്തില്‍ എഴുതിയത്.

2022 നവംബര്‍ നാലിന് സംപ്രേഷണം ചെയ്ത വാര്‍ത്തയിലെ ചിത്രീകരണത്തിന്റെ ഒരു ഭാഗം പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് കാട്ടി നാല് മാസത്തിനു ശേഷം അന്ന് ഇടതുപക്ഷത്ത് ആയിരുന്ന പിവി അന്‍വര്‍ എംഎല്‍എയാണ് പൊലീസില്‍ പരാതി നല്‍കിയത്. അസാധാരണ വേഗത്തിലുള്ള പൊലീസ് നടപടികളായിരുന്നു പിന്നീട്.

Read more

ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് റീജിയണല്‍ ഓഫീസില്‍ മണിക്കൂറുകള്‍ നീണ്ടു നിന്ന റെയ്ഡും ജീവനക്കാരെ തടഞ്ഞുവച്ചുള്ള ചോദ്യം ചെയ്യലും ഉണ്ടായി. ഉന്നത തലത്തില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചായിരുന്നു പൊലീസിന്റെ നടപടികള്‍. സിന്ധു സൂര്യകുമാറിന് പുറമെ ഏഷ്യാനെറ്റ് ന്യൂസ് റീജിയണല്‍ എഡിറ്റര്‍ ഷാജഹാന്‍, ചീഫ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ്, ക്യാമറാമാന്‍ വിപിന്‍ മുരളീധരന്‍, എഡിറ്റര്‍ വിനീത് ജോസ് എന്നിവരെയും കോടതി കുറ്റവിമുക്തരാക്കി.