ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്കെ) ക്യാപ്റ്റൻ എംഎസ് ധോണിയെ വിമർശിക്കുന്നവർ അത് നിർത്തി ബഹുമാനത്തോടെ പെരുമാറണമെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ ആരാധകരോട് അഭ്യർത്ഥിച്ചു. 43 കാരനായ ധോണി പ്രതീക്ഷിച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിൽ അദ്ദേഹത്തെ വിമർശിക്കുന്നത് ന്യായമാണെന്നും എന്നാൽ താരത്തിനെതിരായ പരാമർശങ്ങളിൽ അനാദരവ് കാണിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏതൊരു മികച്ച താരത്തിനും മോശം സമയം ഉണ്ടാകുമെന്നും വിമർശനങ്ങൾ സാധാരണ ആണെന്നും അതിന്റെ പേരിൽ പക്ഷെ ആരെയും ആക്രമിക്കരുതെന്നും പത്താൻ പറഞ്ഞു.
“എനിക്ക് എല്ലാവരോടും ഒരു കാര്യം പറയാനുണ്ട്. ധോണിയെ വിമർശിക്കൂ, നമ്പറുകൾ( റൺസ്) കാണിച്ച് വിമർശിക്കൂ. വലിയ കളിക്കാരെ നമ്മൾ വിമർശിക്കണം. മോശം പ്രകടനം ഉണ്ടായാൽ തീർച്ചയായിട്ടും നിങ്ങൾക്ക് ആരെയും വിമർശിക്കാം.”
“ആരാധകർക്ക് അത് ചെയ്യാനുള്ള അവകാശം ഉണ്ട്. പക്ഷേ അവർ താരങ്ങളെ അനാദരിക്കരുത്, അവർ ആ പരിധി ലംഘിക്കരുത്,” പത്താൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ധോണി ഒരു “ചാമ്പ്യൻ ക്രിക്കറ്റ് കളിക്കാരൻ” ആണെന്ന് ആവർത്തിച്ചുകൊണ്ട്, സോഷ്യൽ മീഡിയയിൽ കളിയാക്കൽ മീമുകൾ പങ്കിടുന്നതിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്ന് പത്താൻ എല്ലാവരോടും അഭ്യർത്ഥിച്ചു. റൺസ് നേടുന്നില്ല എങ്കിൽ അത് പറയണം എന്നും അല്ലാതെ മീം ഉപയോഗിച്ച് അനാദരവ് പാടില്ല എന്നുമാണ് ഇർഫാൻ പറഞ്ഞത്.
“എം.എസ്. ധോണി ഒരു വലിയ കളിക്കാരനാണ്, ഒരു ചാമ്പ്യൻ ക്രിക്കറ്റ് കളിക്കാരനാണ്, അദ്ദേഹം മുൻ ഇന്ത്യൻ ക്യാപ്റ്റനാണ്, അദ്ദേഹത്തിന്റെ നായകത്വത്തിൽ ടീം ധാരാളം ട്രോഫികൾ നേടി, അദ്ദേഹം ഒരു മാച്ച് വിന്നറാണ്. പക്ഷെ അദ്ദേഹം ഇപ്പോൾ ഒരു മാച്ച് വിന്നറല്ല, അദ്ദേഹത്തിന് ഇപ്പോൾ മത്സരങ്ങൾ ജയിപ്പിക്കാൻ കഴിയില്ല, അതെ, നമ്മൾ അതിനെ വിമർശിക്കണം, പക്ഷേ സോഷ്യൽ മീഡിയയിൽ ഞാൻ കാണുന്ന കളിയാക്കൽ മീമുകൾ, ദയവായി അങ്ങനെ ചെയ്യരുത്.”
“സംഖ്യകളുമായി സംസാരിക്കുക, ഞാൻ നിങ്ങളെ പിന്തുണയ്ക്കും, നമ്മൾ ഒരുമിച്ച് വിമർശിക്കുകയും ചെയ്യും, പക്ഷേ ബഹുമാനത്തോടെ മാത്രമേ ചെയ്യാവു. അതാണ് നിങ്ങൾക്കെല്ലാവർക്കും എന്റെ ഉപദേശം,” പത്താൻ പറഞ്ഞു.
Read more
അതേസമയം ചെന്നൈയുടെ ശേഷിക്കുന്ന മത്സരങ്ങളിലെ നായകനായി എത്തുന്ന ധോണിക്ക് വലിയ ഉത്തരവാദിത്വമാണ് മുന്നിൽ ഉള്ളത് .