തെറ്റിദ്ധാരണ മൂലം തനിക്കും ക്യാപ്റ്റന്‍ രാജുവിനും ഇടയിലുണ്ടായ അകല്‍ച്ചയെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ മുകേഷ്. നിരവധി സിനിമകളില്‍ ക്യാപ്റ്റന്‍ രാജുവിനൊപ്പം മുകേഷ് വേഷമിട്ടിട്ടുണ്ട്. താന്‍ പറയാത്ത പല കാര്യങ്ങളും ‘മുകേഷ് ഇങ്ങനെയൊരു കഥയിറക്കിയിട്ടുണ്ട് കേട്ടോ’ എന്ന രിതീയില്‍ പലരും ക്യാപ്റ്റന്‍ രാജുവിനോട് പറയാറുണ്ടായിരുന്നു.
അദ്ദേഹത്തോട് ദേഷ്യമുള്ളവരും അദ്ദേഹം വിഷമിക്കുന്നത് കാണാന്‍ ആഗ്രഹമുള്ളവരും ഒക്കെയായിരിക്കും ഇത് ചെയ്യുന്നത്. ഇദ്ദേഹം കുറേ നാള്‍ ഇത് മനസില്‍ കൊണ്ടുനടന്നു. എന്താണ് ഇതൊന്നും മുകേഷിനോട് ചോദിക്കാത്തതെന്ന് ഈ കഥ പറഞ്ഞവര്‍ ചോദിക്കുമ്പോള്‍ അവനോട് ചോദിക്കുന്നുണ്ട് എന്ന് അദ്ദേഹം പറയും.
ഇത് അവര്‍ തന്റെ അടുത്ത് വന്ന് പറയും. അങ്ങനെയിരിക്കെ ഊട്ടിയില്‍ ഗോള്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. അതില്‍ താന്‍ ഭ്രാന്തന്റെ വേഷമാണ് ചെയ്തത്. രണ്ടു മണിക്കൂറോളമുള്ള മേക്കപ്പിനിടയില്‍ താന്‍ ഉറങ്ങിപോകും. ഒരു ദിവസം മേക്കപ്പ് കഴിഞ്ഞപ്പോള്‍ സീന്‍ ആയിട്ടില്ലെന്നും കുറച്ചു കഴിഞ്ഞു വന്നാല്‍ മതിയെന്നും മേക്കപ്പ് മാന്‍ പറഞ്ഞു.
ഇരിക്കുന്ന സ്ഥലത്ത് ചുറ്റും കണ്ണാടിയാണ്. നോക്കിയപ്പോള്‍ പിറകിലായി ക്യാപ്റ്റന്‍ രാജു ഇരിക്കുന്നു. താന്‍ ഉറങ്ങുന്ന സമയത്താണ് അദ്ദേഹം വന്നത്, അതുകൊണ്ട് കണ്ടിരുന്നില്ല. ഒന്നുകൂടി നോക്കിയപ്പോഴാണ് ആ വലിയ മുറിയില്‍ തങ്ങള്‍ മാത്രമേയുള്ളൂ എന്ന് മനസിലാകുന്നത്. താന്‍ നോക്കുമ്പോള്‍ അദ്ദേഹം തന്റെ അടുത്തേക്ക് നടന്നു വരികയാണ്.
അദ്ദേഹം അടുത്ത് വന്ന് കൈയില്‍ പിടിച്ചു. അപ്പോള്‍ ‘ഞാനല്ല ആ കഥകളൊക്കെ പറഞ്ഞത്’, എന്ന് അദ്ദേഹത്തോട് പറഞ്ഞു മനസിലാക്കണമെന്നുണ്ട്. എന്നാല്‍ അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു, ‘പല കാര്യങ്ങളും ഞാന്‍ വൈകിയാണ് മനസിലാക്കിയത്. ഞാന്‍ മൂലം നിന്റെ മനസിന് എന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ എനിക്ക് മാപ്പുതരണം’ എന്ന്.
Read more
ഇതോടെ താനും അദ്ദേഹത്തിന്റെ കൈപിടിച്ചു കൊണ്ട് തനിക്കും മാപ്പുതരണമെന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു. തെറ്റിദ്ധാരണ മൂലം അദ്ദേഹവും എപ്പോഴോ വിഷമിച്ചിട്ടുണ്ട്. അതിന് മാപ്പുപറയാന്‍ പറ്റിയതില്‍ സന്തോഷം തോന്നി എന്നാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മുകേഷ് പറയുന്നത്.