സിനിമ പരാജയപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറായിരുന്നു, രജനികാന്തിന്റെ പ്രായത്തെ പറ്റി പലരും സംശയം പ്രകടിപ്പിച്ചു: നെൽസൺ ദിലീപ്കുമാർ

രജനികാന്ത്- നെൽസൽ ദിലീപ്കുമാർ കൂട്ടുക്കെട്ടിലിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് ജയിലർ. ഇരിടവേളയ്ക്ക് ശേഷം രജനികാന്തിന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയായിരുന്നു ചിത്രത്തിലേത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ നെൽസൺ. രജനികാന്തിനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് തന്റെ ആഗ്രഹമായിരുന്നു എന്നാണ് നെൽസൺ പറയുന്നത്. കൂടാതെ ചിത്രത്തിലെ രജനിയുടെ പ്രായത്തെ സംബന്ധിച്ച് പലരും സംശയം പ്രകടിപ്പിച്ചിരുന്നു എന്നും നെൽസൺ പറയുന്നു.

“രജനികാന്തിനൊപ്പം ഒരു സിനിമ ചെയ്യണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. ജയിലറിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട് എനിക്ക് നിരവധി സംശയങ്ങളുണ്ടായിരുന്നു. ഈ സിനിമ ചെയ്യും എന്ന് എന്നെ തന്നെ പറഞ്ഞ് ബോധ്യപ്പെടുത്തി. പല കാരണങ്ങളാൽ സിനിമയുടെ പ്രൊഡക്ഷൻ സമയം മുതലെ ആശയക്കുഴപ്പങ്ങളുണ്ടായി.

ഏറ്റവും വലിയ വെല്ലുവിളി രജനികാന്തിന്റെ പ്രായം പ്രേക്ഷകർ ഏറ്റെടുക്കുക എന്നായിരുന്നു. അദ്ദേഹം ഇതുവരെ ചെയതത് പോലെ തന്നെ ചെയ്യട്ടെ, പ്രായം മാറ്റേണ്ടതില്ല, എന്നായിരുന്നു സിനിമ മേഖലയിൽ നിന്ന് പോലും എല്ലാവരും പറഞ്ഞിരുന്നത്. എനിക്ക് ഒരേസമയം ആത്മവിശ്വാസവും ആത്മവിശ്വാസക്കുറവും ഉണ്ടായി

സിനിമ പരാജയപ്പെട്ടാലും അത് എന്റെ റിസ്ക്കിൽ ഏറ്റെടുക്കാൻ ഞാൻ തയാറായിരുന്നു. മറ്റുള്ളവർ എന്നോട് അങ്ങനെ പറഞ്ഞതുകൊണ്ട് ഞാൻ തീരുമാനം മാറ്റാൻ തയാറായിരുന്നില്ല. എന്നാൽ ഷൂട്ട് തുടങ്ങി പത്ത് ദിവസം പിന്നിടുമ്പോൾ സീനുകൾ വർക്ക് ചെയ്യുന്നുണ്ടെന്ന് എനിക്ക് മനസിലായി. അപ്പോൾ നല്ല ആത്മവിശ്വാസം തോന്നി” എന്നാണ് ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ നെൽസൺ പറഞ്ഞത്.