കണ്ണൂരിലെ മുസ്ലിം വിവാഹങ്ങളില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് ഭക്ഷണം നല്‍കുന്നത് അടുക്കള ഭാഗത്ത്: നിഖില വിമല്‍

കണ്ണൂരിലെ മുസ്ലിം വിവാഹങ്ങളെ കുറിച്ച് നടി നിഖില വിമല്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. സ്ത്രീകളെ വേര്‍തിരിച്ച് കാണുന്നതിനെ കുറിച്ചാണ് താരം സംസാരിച്ചത്. ഇപ്പോഴും സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്താണ് ഭക്ഷണം കൊടുക്കുന്നത് എന്നാണ് നിഖില പറയുന്നത്.

‘അയല്‍വാശി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് നിഖില സംസാരിച്ചത്. ”നാട്ടിലെ കല്യാണത്തെ കുറിച്ചോര്‍ക്കുമ്പോള്‍ തലേന്നത്തെ ചോറും മീന്‍കറിയുമൊക്കെയാണ് മനസില്‍ വരിക. കോളേജ് കാലഘട്ടത്തിലാണ് മുസ്ലിം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത്.”

”കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുക. ഇപ്പോഴും അങ്ങനെ തന്നെയാണ് ചെയ്യുന്നതും. വലിയ മാറ്റമൊന്നും വന്നിട്ടില്ല. ആണുങ്ങളൊക്കെ പുറത്ത് നിന്നും പെണ്ണുങ്ങളൊക്കെ അടുക്കള ഭാഗത്തിരുന്നും കഴിക്കും” എന്നാണ് നിഖില പറയുന്നത്.

വിവാഹ സല്‍ക്കാരത്തിന് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള അന്തരമാണ് നിഖില ചൂണ്ടിക്കാട്ടിയത്. മുമ്പ് ‘ജോ ആന്‍ഡ് ജോ’ എന്ന ചിത്രത്തിന്റെ പ്രമോഷനിടെ നിഖില പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

Read more

”പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല” എന്നായിരുന്നു നിഖില പറഞ്ഞത്. ഈ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനങ്ങളും എത്തിയിരുന്നു.