സിനിമാ സെറ്റുകളില്‍ തന്നെ അലോസരപ്പെടുത്തുന്ന പല കാര്യങ്ങളും ഉണ്ടാവാറുണ്ടെന്ന് നടി നിത്യ മേനോന്. സെറ്റിലെ രീതികള്‍ ശരിയല്ലെങ്കില്‍ താന്‍ ഇറിറ്റേറ്റഡ് ആകും. എന്നാല്‍ തനിക്ക് ദേഷ്യം വരാറില്ല. തുറന്നടിച്ച് കാര്യങ്ങള്‍ പറയുന്നത് കൊണ്ട് ദേഷ്യപ്പെടുകയാണെന്ന് ആളുകള്‍ കരുതും. ഈഗോയിസ്റ്റായ ആളുകള്‍ വലിയ പ്രശ്നമാക്കും എന്നാണ് നിത്യ മേനോന് പറയുന്നത്.
ഞാന്‍ വളരെ സോഫ്റ്റാണ്. പക്ഷെ പണം വാങ്ങിയാണ് ഞാന്‍ ജോലി ചെയ്യുന്നത്. ആ ജോലി ശരിയായി ചെയ്തില്ലെങ്കില്‍ എനിക്ക് അസ്വസ്ഥത തോന്നും. പത്ത് രൂപ എനിക്ക് തന്നാല്‍ 20 രൂപയുടെ വര്‍ക്ക് ഞാന്‍ നിങ്ങള്‍ക്ക് തരും. അങ്ങനെയല്ല സെറ്റിലെ രീതികളെങ്കില്‍ ഞാന്‍ ഇറിറ്റേറ്റഡ് ആകും. ഞാന്‍ തുറന്നടിച്ച് സംസാരിക്കുന്നയാളാണ്. അത് ആളുകള്‍ ദേഷ്യമായി കാണും.
യഥാര്‍ത്ഥത്തില്‍ എനിക്ക് ദേഷ്യം വരില്ല. രണ്ട് മിനുട്ടിന് ശേഷം ഞാന്‍ നോര്‍മലാകും. അവരോട് സ്നേഹത്തോടെ പെരുമാറും. ഈഗോയിസ്റ്റായ ആളുകള്‍ക്കാണ് വലിയ പ്രശ്നം. നിങ്ങള്‍ തെറ്റാണ് ചെയ്യുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നത് അവര്‍ക്ക് താങ്ങാന്‍ കഴിയില്ല. എന്നെ കുറിച്ച് മോശമായി സംസാരിക്കും. ഞാന്‍ തെറ്റ് ചെയ്തില്ല എന്നാണ് അവര്‍ സ്വയം സ്ഥാപിക്കുന്നത്.
തെറ്റ് കണ്ടാല്‍ അത് പറയണമെന്നാണ് തന്റെ അഭിപ്രായമെന്നും നിത്യ മേനോന് വ്യക്തമാക്കി. അഭിനയിക്കുന്ന നിമിഷം മാത്രമാണ് ഇഷ്ടം. അതിനപ്പുറം സിനിമയിലുള്ള മറ്റ് കാര്യങ്ങള്‍ മാനേജ് ചെയ്യുക ബുദ്ധിമുട്ടാണ്. സിനിമയില്‍ ഇഷ്ടമില്ലാത്ത ഒരുപാട് കാര്യങ്ങളുണ്ട്. മേക്കപ്പും ലൈറ്റും ഇഷ്ടമല്ല. ഞാന്‍ ഫോട്ടോഫോബിക് ആണ്.
സ്മോക്ക് പറ്റില്ല. ഷൂട്ടില്‍ എപ്പോള്‍ നോക്കിയാലും എല്ലായിടത്തും സ്മോക്ക് ഉണ്ടാകും. തന്റെ ആരോഗ്യത്തെ അത് ബാധിക്കുമെന്നും നിത്യ പറയുന്നു. ആളുകളെയും അവരുടെ ചിന്താഗതികളെയും ഇഷ്ടമല്ല. ഒരിക്കലും അംഗീകാരം തരില്ല. ആളുകള്‍ അങ്ങനെയാണ്. ഒരു സിസ്റ്റമുണ്ട്. ആദ്യം നായകന് പിന്നെ നായിക എന്നിങ്ങനെ. ഒരു റൂള്‍ ബുക്കുണ്ട്. അത് നോക്കിയാണ് എല്ലാവരും ജീവിതം നയിക്കുന്നത്.
അതെല്ലാം കാണുമ്പോള്‍ ഞാന്‍ ക്ഷീണിക്കും. തനിക്ക് യഥാര്‍ത്ഥ ജീവിതമാണ് വേണ്ടത്. സിനിമാ രംഗത്തുള്ളവര്‍ സിനിമയെ വളരെയധികം സ്നേഹിക്കുന്നു. സിനിമയാണവരുടെ സ്വപ്നമെന്ന് പറയും. സിനിമ എന്റെയും സ്വപ്നമാക്കെന്ന് ഒരുപാട് തവണ ദൈവത്തോട് പറഞ്ഞിട്ടുണ്ട്. സിനിമയോട് താല്പര്യമില്ലെന്ന് പറയുമ്പോള്‍ ആരും എന്നെ വിശ്വസിക്കാറില്ല എന്നാണ് നിത്യ ഒരു അഭിമുഖത്തില്‍ പറയുന്നത്.