ബാബുവിന്റെ ജീവിതം സിനിമ എടുക്കുന്നതിനെ പറ്റി ഞാന്‍ ചിന്തിച്ചിട്ടു പോലും ഇല്ല; ട്രോളുകള്‍ക്ക് മറുപടി നല്‍കി ഒമര്‍ ലുലു

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സംവിധായകന്‍ ഒമര്‍ ലുലു. തനിക്കെതിരെ വരുന്ന എല്ലാ ട്രോളുകള്‍ക്കും മറുപടി നല്‍കാറുമുണ്ട് അദ്ദേഹം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മല കയറി കടുങ്ങിപ്പോയ ബാബു ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നത്. ഒമര്‍ ലുലു ബാബുവിന്റെ കഥ സിനിമയാക്കാന്‍ പോകുന്നുവെന്ന തരത്തില്‍ പല കഥകളും ഇതിനോടകം തന്നെ പ്രചരിച്ചിരുന്നു.

അക്കൂട്ടത്തിലൊന്നാണ് ബാബുവിന്റെ കഥ ഒമര്‍ ലുലു സിനിമയാക്കാന്‍ പോകുന്നുവെന്ന തരത്തിലുള്ള ട്രോളുകളായിരുന്നു. ഒമര്‍ ലുലു മാത്രമല്ല ട്രോളിലുള്ളത് സിനിമയിലെ നായകനായി പ്രണവ് മോഹന്‍ലാലിനേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആളുകള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ട്രോളിന് ലഭിച്ചിരുന്നത്. ഇപ്പോഴിതാ അതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒമര്‍ ലുലു. ട്രോള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ഒമര്‍ലുലുവിന്റെ പ്രതികരണം.

Read more

‘ഇങ്ങനെ ഒരു ട്രോള്‍ പരക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ ഇപ്പോ പവര്‍സ്റ്റാര്‍ എന്ന സിനിമയുടെയും എന്റെ ആദ്യ ബോളിവുഡ് സിനിമ എന്ന സ്വപ്നത്തിന്റെയും പുറകെയാണ്. ബാബുവിന്റെ ജീവിതം സിനിമയെടുക്കുന്നതിനെ പറ്റി ഞാന്‍ ചിന്തിച്ചിട്ട് പോലും ഇല്ല. ബാബുവിന് എല്ലാവിധ നന്മകള്‍ നേരുന്നു,’ അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.