പ്രശസ്തിയില്‍ നിന്നും രക്ഷപ്പെടാനാണ് വ്യത്യസ്ത ഹെയര്‍സ്റ്റൈലുകള്‍ പരീക്ഷിക്കുന്നത്: പാര്‍വതി തിരുവോത്ത്

വ്യത്യസ്ത ഹെയര്‍ സ്റ്റൈലുകള്‍ പരീക്ഷിക്കുന്നത് പ്രശസ്തിയില്‍ നിന്നും രക്ഷപ്പെടാനാണെന്ന് നടി പാര്‍വതി തിരുവോത്ത്. ബാംഗ്ലൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലാണ് പാര്‍വതി സംസാരിച്ചത്. വ്യത്യസ്ത ലുക്കുകള്‍ പരീക്ഷിക്കുന്നത് തന്നെ ഓരോ കഥാപാത്രങ്ങളില്‍ നിന്നും പുറത്തു കടക്കാനും സഹായിക്കുമെന്നും പാര്‍വതി പറയുന്നുണ്ട്.

”വ്യത്യസ്ത ഹെയര്‍ സ്‌റ്റൈലുകള്‍ പരീക്ഷിക്കുന്നത് എനിക്ക് ഇഷ്ടമാണ്. കഥാപാത്രത്തില്‍ നിന്ന് പുറത്തു കടക്കാന്‍ അത് എന്നെ സഹായിക്കും. മാത്രവുമല്ല പ്രശസ്തിയില്‍ നിന്ന് രക്ഷപ്പെടാനും വ്യത്യസ്തമായ ഹെയര്‍ സ്‌റ്റൈലുകള്‍ എന്നെ സഹായിക്കാറുണ്ട്” എന്നാണ് പാര്‍വതി തിരുവോത്തിന്റെ വാക്കുകള്‍.

”ഒരു അഭിനേതാവായത് കൊണ്ട് പല കഥാപാത്രങ്ങളും തന്നെ വ്യക്തിപരമായി വളരാന്‍ സഹായിച്ചിട്ടുണ്ടെന്നും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടമെന്നും പാര്‍വതി പറഞ്ഞു. സ്ഥിരം വേഷങ്ങളില്‍ നിന്ന് മാറി വ്യത്യസ്തമായ റോളുകള്‍ തിരഞ്ഞെടുക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ അത്തരം വേഷങ്ങള്‍ കിട്ടുന്നത് അപൂര്‍വമാണ്” എന്നും പാര്‍വതി പറഞ്ഞു.

അതേസമയം, ഒടിടിയിലൂടെ നേരിട്ട് സ്ട്രീമിങ് ആരംഭിച്ച ‘ഹെര്‍’ ആണ് പാര്‍വതിയുടെതായി പുറത്തിറങ്ങിയ ചിത്രം. അഞ്ച് സ്ത്രീകളുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ഹെര്‍ പറയുന്നത്. ഉര്‍വശി, പാര്‍വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശന്‍, ലിജോമോള്‍ ജോസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ലിജിന്‍ ജോസാണ് സംവിധാനം ചെയ്തത്.