ബോളിവുഡില്‍ വിവാദമായെങ്കിലും തെന്നിന്ത്യന്‍ സിനിമയില്‍ അധികം ചര്‍ച്ചകള്‍ നടക്കാതിരുന്ന വിഷയമാണ് നെപ്പോട്ടിസം. തെന്നിന്ത്യയില്‍ പലരും കുടുംബപരമായി സിനിമാ പാരമ്പര്യം നിലനിര്‍ത്തുന്നവരാണെങ്കില്‍ പോലും സ്വജനപക്ഷപാതം എന്ന തരത്തില്‍ വളരെ വിരളമായ ചര്‍ച്ചകള്‍ മാത്രമാണ് ഉയര്‍ന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ തുറന്നു സംസാരിച്ചിരിക്കുകയാണ് പൃഥ്വിരാജ്.
താനും ദുല്‍ഖറുമൊക്കെ നെപ്പോ കിഡ്‌സ് ആണ് എന്നും അതിന്റെ കാരണവുമാണ് പൃഥ്വിരാജ് മാഷബിള്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ”ഞങ്ങള്‍ വളരേയേറെ പരിചയമുള്ളവരാണ്. ഞങ്ങള്‍ നെപ്പോ കിഡ്‌സ് ആണ്. സിനിമയിലേക്ക് എനിക്ക് വരാന്‍ വളരെ എളുപ്പമായിരുന്നു എന്നതാണ് വസ്തുത.”
”അത് ഞാന്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. എന്റെ കുടുംബപ്പേര് കൊണ്ട് മാത്രമാണ് എനിക്ക് എന്റെ ആദ്യ സിനിമ ലഭിച്ചത്. ഞാന്‍ ഒരു നല്ല നടനാകുമെന്ന് ആരോ കരുതി, എന്നെ സ്‌ക്രീന്‍ ടെസ്റ്റ് പോലും ചെയ്തിട്ടില്ല. എന്നാല്‍, ഒരിക്കല്‍ സിനിമയില്‍ വന്നാല്‍ തന്റെ കഴിവ് തെളിയിക്കുന്ന കാര്യത്തില്‍ എല്ലാവരും നേരിടേണ്ടത് ഒരേ കാര്യം തന്നെയാണ്.”
”എന്റെ ആദ്യ സിനിമയ്ക്ക് ഞാന്‍ കടപ്പെട്ടിരിക്കുന്നത് എന്റെ കുടുംബം നല്‍കിയ പേരിനോടാണ്. പക്ഷേ, എന്റെ ആദ്യ സിനിമയോട് മാത്രമേ ഞാന്‍ കടപ്പെട്ടിട്ടുള്ളൂ. എന്നെക്കാള്‍ കഴിവുള്ള ആളുകള്‍ ആ അവസരത്തിനായി കാത്തിരിക്കുകയാണെന്ന് എനിക്കറിയാം” എന്നാണ് പൃഥ്വിരാജ് പറയുന്നത്.
Read more
അതേസമയം, പൃഥ്വിരാജിന്റെ പിതാവ് സുകുമാരന്‍, അമ്മ മല്ലിക, ചേട്ടന്‍ ഇന്ദ്രജിത്ത്, ഏട്ടത്തി പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവര്‍ സിനിമാതാരങ്ങളാണ്. സിനിമയില്‍ നിന്നും ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരേയൊരാള്‍ തന്റെ ഭാര്യ സുപ്രിയ മേനോന്‍ ആണെന്നും പൃഥ്വിരാജ് പറയുന്നുണ്ട്.