ഞാന്‍ പൂര്‍ണ്ണമായും നെപ്പോട്ടിസത്തിന്റെ പ്രോഡക്ട് ആണ്, സിനിമ ലഭിച്ചതിന് പിന്നില്‍ കുടുംബപ്പേര്: പൃഥ്വിരാജ്

താന്‍ പൂര്‍ണ്ണമായും നെപ്പോട്ടിസത്തിന്റെ പ്രോഡക്ട് ആണെന്ന് പൃഥ്വിരാജ്. തന്റെ കരിയറില്‍ പിതാവ് സുകുമാരന്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ചാണ് പൃഥ്വിരാജ് ഇപ്പോള്‍ തുറന്നു സംസാരിച്ചിരിക്കുന്നത്. തനിക്ക് ആദ്യമായി സിനിമ ലഭിച്ചതിന് കാരണം കുടുംബപ്പേര് ആണെന്നാണ് പൃഥ്വിരാജ് പിങ്ക്‌വില്ലക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

”എനിക്ക് ആദ്യമായി സിനിമ ലഭിച്ചതിന് കാരണം എന്റെ കുടുംബപ്പേരാണ്. ഞാന്‍ പൂര്‍ണമായും നെപ്പോട്ടിസത്തിന്റെ ഉത്പന്നമാണ്. ഇന്ന് സിനിമയിലേക്ക് കടന്നുവരാന്‍ ഏറ്റവും എളുപ്പമുള്ള കാലമാണിത്. ഒരു മികച്ച ഇന്‍സ്റ്റഗ്രാം റീല്‍ സൃഷ്ടിച്ചാല്‍ ഇന്ന് നിങ്ങള്‍ ശ്രദ്ധിക്കപ്പെടും. നിങ്ങള്‍ക്ക് മികച്ച പോഡ്കാസ്റ്റ് ചെയ്യാം. ആളുകള്‍ നിങ്ങളെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങും” എന്നാണ് പൃഥ്വിരാജ് പറയുന്നത്.

അതേസമയം, ലോകം മുഴുവനുള്ള സിനിമാ പ്രേമികള്‍ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ റിലീസിനാണ് സിനിമാപ്രേമികള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ചിത്രത്തിന്റെ ഓള്‍ ഇന്ത്യ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് മാര്‍ച്ച് 21 ന് രാവിലെ 9 മണിക്കാണ് ആരംഭിച്ചത്.

ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ 645ഗ ടിക്കറ്റുകള്‍ ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷന്‍ വഴി മാത്രം ഇന്ത്യയില്‍ വിറ്റഴിഞ്ഞത്. ഇത് ഇന്ത്യന്‍ സിനിമയിലെ തന്നെ പുതിയ റെക്കോഡ് ആണ്. 24 മണിക്കൂറില്‍ ഒരു ഇന്ത്യന്‍ ചിത്രത്തിന് ഇത്രയധികം ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയിലൂടെ വിറ്റ് പോകുന്നത് ഇതാദ്യമായാണ്.

ഇന്ത്യന്‍ സിനിമയിലെ മറ്റ് ബിഗ് ബജറ്റ് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളുടെയെല്ലാം റെക്കോഡുകള്‍ ഇതിലൂടെ എമ്പുരാന്‍ ഭേദിച്ചു. ബുക്കിംഗ് ട്രെന്‍ഡിംഗില്‍ ഒരു മണിക്കൂറില്‍ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകള്‍ വിറ്റും ചിത്രം ഇന്നലെ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ലൈക പ്രൊഡക്ഷന്‍സ്, ആശിര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.