ഞാനാണ് സ്ഥിരമായി മമ്മൂക്കയ്ക്കു മെസേജുകള്‍ അയച്ചു വെറുപ്പിക്കുന്ന ആ ആള്‍, മമ്മൂട്ടിയെ കണ്ട നിമിഷത്തെക്കുറിച്ച് സംവിധായിക

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒരുമിക്കുന്ന സിനിമ പുഴുവിനായി ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതുവരെ കാണാത്ത വേഷത്തിലുള്ള മമ്മൂട്ടിയെ അവതരിപ്പിക്കുന്ന സിനിമയുടെ സംവിധാനം നവാഗതയായ റത്തീന പി.ടിയാണ്. ഇപ്പോഴിതാ മമ്മൂട്ടിയോടുള്ള തന്റെ ആരാധനയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായിക.

പ്ലസ് ടു കാലഘട്ടത്തിലാണു സിനിമ തലയ്ക്കു പിടിക്കുന്നത്. അന്നൊക്കെ തിരക്കഥയെഴുത്തായിരുന്നു മെയിന്‍. അന്നും എന്റെ കഥകളില്‍ ഒരേയൊരു നായകനേയുള്ളൂ, മമ്മൂക്ക. എന്ന് അവര്‍ പറയുന്നു. എന്നാല്‍, പുഴുവിനു മുന്‍പ് ഒരിക്കല്‍പ്പോലും മമ്മൂക്കയോടൊപ്പം ജോലി ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ലെന്നും റത്തീന പറയുന്നു. അതിനാല്‍, മറ്റു സിനിമകളില്‍ ജോലി ചെയ്യുമ്പോഴും എങ്ങനെയും മമ്മൂക്കയിലേക്കെത്തുക എന്നതായിരുന്നു ലക്ഷ്യം. നിരന്തരശ്രമങ്ങളുടെ ഫലമായി മമ്മൂക്കയിലേക്കും അദ്ദേഹത്തിന്റെ സുഹൃദ് വലയത്തിലേക്കും ഒരു എന്‍ട്രി കിട്ടുകയായിരുന്നു അവര്‍ പറയുന്നു.

മമ്മൂട്ടിയെ കാണാനായി അദ്ദേഹത്തിന്റെ സെറ്റില്‍ കറങ്ങി നടന്നതിനെക്കുറിച്ചും അഭിമുഖത്തില്‍ പറയുന്നുണ്ട്. പത്ത് വര്‍ഷം മുമ്പത്തെ സംഭവമാണ്. മമ്മൂട്ടിയുടെ സെറ്റുകളില്‍ സ്ഥിരമായി എത്തുമായിരുന്നു റത്തീന. മമ്മൂക്കയുടെ നോട്ടമെത്തുന്നിടത്തായി റത്തീന എത്തും. സെറ്റില്‍ വെറുതെ ചുറ്റിക്കറങ്ങി നടക്കും.

Read more

ഇടയ്ക്ക് മൊബൈലിലേക്ക് മെസേജുകള്‍ അയക്കുന്ന ശീലവും റത്തീനയ്ക്കുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കല്‍ മമമ്മൂട്ടി റത്തീനയെ കണ്ടു. ഏതാണ് ആ കുട്ടിയെന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെ റത്തീന മമ്മൂട്ടിയുടെ മുന്നില്‍ ഹാജരാക്കപ്പെട്ടു. ‘ഞാനാണു സ്ഥിരമായി മമ്മൂക്കയ്ക്കു മെസേജുകള്‍ അയച്ചു വെറുപ്പിക്കുന്ന ആ ആള്‍.’ പിന്നാലെ ഒരാവശ്യം. എനിക്കു മമ്മൂക്കയെ വച്ചൊരു പടം ചെയ്യണം! എന്നായിരുന്നു റത്തീന അന്ന് പറഞ്ഞത്.