'ലാലേട്ടനൊപ്പം അഭിനയിക്കണമെന്ന് പറഞ്ഞു, സിനിമ ഒരുക്കാമെന്ന വാക്കും കൊടുത്തിരുന്നു'; ഋഷി കപൂറിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ജീത്തു ജോസഫ്

സംവിധായകന്‍ ജീത്തു ജോസഫ് ഒരുക്കിയ “ദ ബോഡി” ആയിരുന്നു ഋഷി കപൂറിന്റെ റിലീസ് ചെയ്ത അവസാന ചിത്രം. ബോളിവുഡിലെ ഇതിഹാസ താരത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍. മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. പലപ്പോഴും ഹിന്ദി സിനിമകളുടെ ഓഫര്‍ ലഭിക്കുമ്പോള്‍ ഋഷി കപൂര്‍ അതിലുണ്ടോയെന്ന് താന്‍ നോക്കാറുണ്ടായിരുന്നു എന്നാണ് ജീത്തു ജോസഫ് പറയുന്നത്.

“”ദ ബോഡിയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ അദ്ദേഹത്തിന് കാന്‍സര്‍ സ്ഥിരീകരിച്ചിരുന്നില്ല. ചിത്രീകരണത്തിന് ശേഷമാണ് ചികിത്സയ്ക്കായി പോയത്. ഷൂട്ടിംഗിനിടെ കരിമീന്‍ പൊള്ളിച്ചതു കഴിക്കണമെന്ന ആഗ്രഹം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവിനൊപ്പം കേരളത്തിലേക്ക് വരാനുള്ള ടിക്കറ്റും അദ്ദേഹം ബുക്ക് ചെയ്തിരുന്നു, എന്നാല്‍ അപ്പോള്‍ ചികിത്സക്കായി പോകേണ്ടി വന്നു. യുഎസില്‍ ഉണ്ടായിരുന്നപ്പോള്‍ താന്‍ വരുമെന്നും കരിമീന്‍ പൊള്ളിച്ചതിന്റെ കാര്യം മറക്കേണ്ട എന്നും പറഞ്ഞിരുന്നു.””

Read more

“”കഴിഞ്ഞ വര്‍ഷം സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്ക് നടക്കുമ്പോഴാണ് പിന്നീട് ഞങ്ങള്‍ കണ്ട്. അപ്പോള്‍ മലയാളം സിനിമകളെ കുറിച്ചും ലാലേട്ടനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടുപേരും ഒന്നിക്കുന്ന ഒരു സിനിമയ്ക്കായി ആലോചിക്കുകയാണെന്നും അന്ന് ഞാന്‍ പറഞ്ഞു. ആര്‍ക്കും പെട്ടെന്ന് ഇഷ്ടപ്പെട്ട് പോകുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ആദ്യമായി നിര്‍മ്മാതാവ് അദ്ദേഹത്തെ പരിചയപ്പെടുത്തിയപ്പോഴും “50 വയസുള്ള വൃദ്ധനെയായിരുന്നു ഞാന്‍ കാത്തിരുന്നത് നിങ്ങള്‍ ചെറുപ്പമാണല്ലോ” എന്നായിരുന്നു എന്റെ പ്രതികരണം”” എന്നാണ് ജീത്തുവിന്റെ വാക്കുകള്‍.