ഇതല്ലാതെ മറ്റൊരു മാര്‍ഗം എന്റെ മുന്നിലില്ല, സൗബിനോട് ചോദിച്ചു തന്നില്ല: സഹായം അഭ്യര്‍ത്ഥിച്ച് സാമുവല്‍ റോബിന്‍സണ്‍

സുഡാനി ഫ്രം നൈജീരിയ സിനിമയില്‍ നിര്‍ണായക കഥാപാത്രം അവതരിപ്പിച്ച നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണെ മലയാളികല്‍ മറന്നിട്ടുണ്ടാകില്ല. ചിത്രത്തില്‍ നൈജീരിയക്കാരനായ ഫുട്‌ബോള്‍ കളിക്കാരനായി തിളങ്ങിയ സാമുവല്‍ കേരളത്തില്‍ വലിയ ആരാധകരെയാണ് സൃഷ്ടിച്ചത്. അതിന് ശേഷം മലയാളത്തില്‍ തന്നെ “ഒരു കരീബിയന്‍ ഉഡായിപ്പ്” എന്ന ചിത്രത്തിലും സാമുവര്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ താന്‍ വളരെ കഷ്ടത്തിലാണെന്നും സാമ്പത്തികമായി സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് രംഗത്ത് വന്നിരിക്കുകയാണ് സാമുവല്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് താരത്തിന്റെ സഹായ അഭ്യര്‍ത്ഥന.

സാമുവലിന്റെ കുറിപ്പ്…

“ഹായ് ഗയ്‌സ്, എനിക്ക് ഇത് ചെയ്യാന്‍ താല്‍പ്പര്യമില്ല, പക്ഷേ ഇതല്ലാതെ മറ്റൊരു മാര്‍ഗം എന്റെ മുന്നിലില്ല. എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട വര്‍ഷമാണിത്. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് ഞാന്‍ വളരെ വിഷാദത്തിലായിരുന്നു, ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചു. എനിക്ക് നിരവധി സിനിമ ഓഫറുകള്‍ വന്നിരുന്നു, പക്ഷേ പല കാരണങ്ങളാല്‍ അവ നടന്നില്ല. ഇന്ത്യയിലേക്ക് മടങ്ങാന്‍ ഞാന്‍ പണം സ്വരൂപിക്കാന്‍ ശ്രമിക്കുകയാണ്. നൈജീരിയയില്‍ എനിക്ക് കഷ്ടപ്പാടുകളും പ്രയാസങ്ങളും അല്ലാതെ മറ്റൊന്നുമില്ല. എനിക്ക് അറിയാവുന്നവരോടെല്ലാം ഞാന്‍ പണം ചോദിച്ചു. പക്ഷേ നിരാശയായിരുന്നു ഫലം. അതിനാല്‍ ഞാന്‍ ഇത് ചെയ്യാന്‍ നിര്‍ബന്ധിതനാകുന്നു.. എനിക്ക് മരിക്കാന്‍ ആഗ്രഹമില്ല, ഇത് എന്റെ ഒരേയൊരു മാര്‍ഗമാണ്. ഒരു ലക്ഷം ഇന്ത്യന്‍ രൂപ ഉണ്ടാക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. ലാഗോസില്‍ നിന്ന് കൊച്ചിയിലേക്ക് വരാനുള്ള വിമാന ടിക്കറ്റിന്റെ വിലയും വിസ ഫീസുമാണിത്. ഇന്ത്യയില്‍ എത്തിയതിനുശേഷം എനിക്കൊരു പ്ലാന്‍ ഉണ്ട്. ഇന്ത്യയില്‍ ഞാന്‍ എല്ലായ്‌പ്പോഴും വളരെ സന്തുഷ്ടനും സുരക്ഷിതനുമാണ്. ആരെങ്കിലും എന്നെ സഹായിക്കാന്‍ തയ്യാറാണെങ്കില്‍, എനിക്ക് ഒരു സന്ദേശം അയയ്ക്കുക അല്ലെങ്കില്‍ sraactor@gmail.com ല്‍ എനിക്ക് ഇമെയില്‍ ചെയ്യുക. എനിക്ക് നിങ്ങളുടെ സഹായം വളരെ ആവശ്യമാണ്”.

നടന്‍ സൗബിന്‍ ഷാഹിറിനോട് സഹായം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സഹായിച്ചില്ലെന്ന് ആരാധകന്റെ ചോദ്യത്തിന് മറുപടിയായി സാമുവല്‍ കമന്റ് ബോക്‌സില്‍ കുറിച്ചിട്ടുണ്ട്. “സൗബിനെ വിളിച്ചാല്‍ പോരേ….. നിന്റെ വലിയ കൂട്ടുകാരന്‍ ആണല്ലോ.” എന്ന ഒരാളുടെ ചോദ്യത്തിനായിരുന്നു സാമുവലിന്റെ മറുപടി. സുഡാനി ഫ്രം നൈജീരിയില്‍ സൗബിനൊപ്പം മികച്ച പ്രകടനമായിരുന്നു സാമുവല്‍ കാഴ്ച്ചവെച്ചത്.