ഷൈന്‍ പറഞ്ഞ കാര്യങ്ങള്‍ സങ്കടപ്പെടുത്തി, പലരും ചോദിച്ചിട്ടുണ്ട് എന്താണ് അങ്ങനെ ഒരു തീരുമാനമെടുക്കാന്‍ കാരണമെന്ന്..: സംയുക്ത

ഷൈന്‍ ടോം ചാക്കോയുടെ വിമര്‍ശനം സങ്കടമുണ്ടാക്കിയെന്ന് നടി സംയുക്ത. താന്‍ വളരെ പുരോഗമനപരമായി എടുത്ത ഒരു തീരുമാനമാണ് പേരിന്റെ കൂടെ ജാതിവാല്‍ വേണ്ട എന്നുള്ളത്. അതിന് ശേഷം ഷൈന്‍ അങ്ങനെ സംസാരിച്ചത് വലിയ വിഷമമുണ്ടാക്കി എന്നാണ് നടി പറയുന്നത്.

‘വിരുപക്ഷ’ എന്ന തെലുങ്ക് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന പ്രസ് മീറ്റിലാണ് സംയുക്ത സംസാരിച്ചത്. ജാതിവാല്‍ വേണ്ടെന്ന് വച്ചത് സ്വന്തം തീരുമാനമായിരുന്നു. ഇന്നും അങ്ങനെ വിളിക്കുമ്പോള്‍ അരോചകമായാണ് തോന്നുക. ഷൈന്‍ പറഞ്ഞതില്‍ രണ്ട് കാര്യങ്ങളിലാണ് സങ്കടം തോന്നിയത്.

ഒന്ന്, ഞാന്‍ വളരെ പുരോഗമനപരമായി എടുത്ത ഒരു തീരുമാനമാണ് പേരിന്റെ കൂടെ ജാതിവാല്‍ വേണ്ട എന്നുള്ളത്. ഒരു സ്ഥലത്ത് അങ്ങനെ പറഞ്ഞെന്ന് കരുതി മാറുന്ന കാര്യമല്ല ഇത്. മറ്റൊരു സ്ഥലത്ത് പോകുന്ന സമയത്ത് ഈ ജാതിവാല്‍ ചേര്‍ത്ത് തന്നെയാണ് വിളിക്കുന്നത്.

പലരും ചോദിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുക്കാന്‍ കാരണമെന്ന്. ഞാന്‍ പറയുന്ന കാര്യം ചിലപ്പോള്‍ ഇവിടെയൊരു പുതുമയായിരിക്കാം. പക്ഷെ ഇത്തരം തീരുമാനങ്ങള്‍ എടുത്തിട്ടുള്ള എത്രയോ പേര്‍ ഈ സമൂഹത്തിലുണ്ട്. കേരളം പല രീതിയിലും മുന്നോട്ട് ചിന്തിക്കുന്ന ഒരിടമാണ്.

അതുകൊണ്ടാണ് ഞാന്‍ അത് മാറ്റിയത്. അതിനെ ചോദ്യം ചെയ്യപ്പെടുക എന്നു പറയുന്നത് എനിക്ക് സങ്കടമുണ്ടാക്കിയ ഒരു കാര്യമാണ്. അതിനെ കുറിച്ച് ഷൈന്‍ ഞാനെടുത്ത തീരുമാനവുമായി കൂട്ടിയിണക്കി പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ വളരെ സങ്കടം തോന്നി എന്നാണ് സംയുക്ത പറയുന്നത്.

‘ബൂമറാംഗ്’ സിനിമയുടെ പ്രമോഷന് സംയുക്ത എത്താതിരുന്നപ്പോഴാണ് ഷൈന്‍ ടോം ചാക്കോ സംയുക്തയ്‌ക്കെതിരെ സംസാരിച്ചത്. മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനി ആയാലും മുസ്ലിം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കണം എന്നായിരുന്നു ഷൈനിന്റെ വിമര്‍ശനം.