കാഴ്ചക്കാരുടെ എണ്ണം കൂട്ടാന്‍ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് നഗ്‌നമായ കടന്നുകയറ്റം, ഇത് നിരാശപ്പെടുത്തുന്നു: സന അല്‍ത്താഫ്

വിവാഹ റിസപ്ഷന്‍ ചടങ്ങുകള്‍ പകര്‍ത്തിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ പ്രതികരിച്ച് നടി സന അല്‍ത്താഫ്. മെയ് 17ന് ആയിരുന്നു സന അല്‍ത്താഫും നടന്‍ ഹക്കിം ഷാജഹാനും വിവാഹിതരായത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സൗകാര്യ വിരുന്നിലാണ് യൂട്യൂബ്, ഓണ്‍ലൈന്‍ ചാനലുകള്‍ എത്തിയത്.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സന പ്രതികരിച്ചത്. കാഴ്ചയ്ക്കാരുടെ എണ്ണം കൂട്ടുന്നതിന് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് അവര്‍ നടത്തുന്ന നഗ്‌നമായ കടന്നുകയറ്റം വളരെ നിരാശാജനകമാണ് എന്നാണ് സന അല്‍ത്താഫ് പറയുന്നത്.

”ഈയടുത്ത് ഞങ്ങള്‍ വളരെ സ്വകാര്യമായി ഒരു കുടുംബ ചടങ്ങ് നടത്തിയിരുന്നു. ഇതില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഞങ്ങളറിയാതെ പങ്കെടുക്കുകയും ചടങ്ങ് ചിത്രീകരിക്കുകയും ഞങ്ങളുടെ അനുവാദമില്ലാതെ ആ വിഡിയോ ഓണ്‍ലൈനില്‍ പങ്കുവയ്ക്കുകയും ചെയ്തു. ആ ചടങ്ങ് കവര്‍ ചെയ്യാന്‍ പല മാധ്യമങ്ങളും ഞങ്ങളെ സമീപിച്ചെങ്കിലും വിനയപൂര്‍വം ഞങ്ങള്‍ നിരസിക്കുകയായിരുന്നു.”

”കാരണം, ആ ചടങ്ങ് അത്രയും സ്വകാര്യമായി നടത്താനായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചത്. അതുകൊണ്ട്, അവരോട് അതില്‍ പങ്കെടുക്കേണ്ടതില്ലെന്നും പറഞ്ഞു. കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ നിരാശാജനകമായ അവസ്ഥ ഏറെ ദുഃഖിപ്പിക്കുന്നു. കാഴ്ചയ്ക്കാരുടെ എണ്ണം കൂട്ടുന്നതിന് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് അവര്‍ നടത്തുന്ന നഗ്‌നമായ കടന്നുകയറ്റം വളരെ നിരാശാജനകമാണ്” എന്നാണ് സനയുടെ കുറിപ്പ്.

അതേസമയം, വിക്രമാദിത്യന്‍ എന്ന ചിത്രത്തിലൂടെയാണ് സന അഭിനയരംഗത്തേക്ക് എത്തുന്നത്. റാണി പത്മിനി, ബഷീറിന്റെ പ്രേമലേഖനം, ഒടിയന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എബിസിഡി എന്ന ചിത്രത്തിലൂടെ ഹക്കിം ഷാജഹാന്‍ സിനിമയിലെത്തുന്നത്. രക്ഷാധികാരി ബൈജു, കൊത്ത്, പ്രിയന്‍ ഓട്ടത്തിലാണ്, അര്‍ച്ചന 31 തുടങ്ങി നിരവധി ചിത്രങ്ങളില്‍ നടന്‍ വേഷമിട്ടിട്ടുണ്ട്.

Read more