സത്യം പറഞ്ഞ് ജീവിക്കാന്‍ നേതാക്കള്‍ക്ക് അറിയില്ല, മരിച്ചാലേ മാറൂ എന്ന വ്രതമെടുത്ത മനുഷ്യരാണ് രാഷ്ട്രീയത്തിലെ ശാപം: സത്യന്‍ അന്തിക്കാട്

മരിച്ചാലേ മാറൂ എന്ന വ്രതമെടുത്ത മനുഷ്യരാണ് രാഷ്ട്രീയത്തിലെ ശാപമെന്ന് സത്യന്‍ അന്തിക്കാട്. കള്ളവും ചതിയും ഒന്നുമില്ലാത്ത ഭരണം വേണമെന്ന് സ്വപ്‌നം കണ്ടിട്ട് കാര്യമില്ല. എങ്കിലും അഴിമതിയില്ലാത്ത ഭരണം വേണം. അധികാരം എന്നാല്‍ തനിക്കും, തന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്നവര്‍ക്കും പണം ഉണ്ടാക്കാന്‍ കിട്ടുന്ന അവസരമാണ് എന്ന് കരുതാത്ത നേതാക്കള്‍ വേണമെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ചാണ് മാതൃഭൂമി ന്യൂസിനോട് സത്യന്‍ അന്തിക്കാട് പ്രതികരിച്ചത്. വര്‍ഷങ്ങളോളം എം.പിയും എം.എല്‍.എയും മന്ത്രിയും ആയവരോട് ഒരു പ്രാവശ്യം മാറി നില്‍ക്കാന്‍ പറഞ്ഞാല്‍ “പറ്റില്ല, ജനങ്ങളെ സേവിച്ചേ തീരൂ” എന്ന് വാശി പിടിച്ച്, അവസരം കിട്ടിയില്ലെങ്കില്‍ മറുകണ്ടം ചാടി ഇന്നലെ വരെ പ്രവര്‍ത്തിച്ച പാര്‍ട്ടിയെ തെറി വിളിക്കുന്നതാണ് ഇന്നത്തെ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ തമാശ.

അത്തരക്കാര്‍ ഇല്ലാത്ത ഒരു കാലം സ്വപ്നത്തിലുണ്ട്. സത്യം പറഞ്ഞു ജീവിക്കാനാണ് ഏറ്റവും എളുപ്പമെന്ന് നമ്മുടെ പല നേതാക്കള്‍ക്കും അറിയില്ല. സൗഹൃദത്തോടെ നമ്മളില്‍ ഒരാളായി നടക്കുന്ന മന്ത്രിമാര്‍ ഒരു സ്വപ്നമാണ്. എതിരാളികളെ ഒതുക്കാന്‍ പൊലീസിനെ കരുവാക്കുന്ന സമ്പ്രദായവും പാടില്ല.

കൂടാതെ സാഹിത്യത്തിലും കലയിലും സ്‌പോര്‍ട്‌സിലുമെല്ലാം ഒരു ചെറിയ അറിവെങ്കിലും ഭരണാധികാരികള്‍ക്ക് ഉണ്ടായിരിക്കണം. ഖസാക്കിന്റെ വേറെ എന്തൊക്കെയോ വായിച്ചിട്ടുണ്ട് ഇതിഹാസം വായിക്കാന്‍ സമയം കിട്ടിയിട്ടില്ല എന്ന് പറയുന്ന അയ്മനം സിദ്ധാര്‍ത്ഥന്‍മാരെ (ഇന്ത്യന്‍ പ്രണയകഥയില്‍ ഫഹദ് അവതരിപ്പിച്ച കഥാപാത്രം) നമുക്കാവശ്യമില്ല എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.