ഏത് വേഷം ചെയ്താലും ശ്രീനിവാസന് പ്രാധാന്യമില്ലെന്ന പരാതിയാണ്; മോഹൻലാൽ- ശ്രീനി കൂട്ടുകെട്ടിൽ ഇനിയും സിനിമകൾ വരും; തുറന്നുപറഞ്ഞ് സത്യൻ അന്തിക്കാട്

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. 1982-ൽ കുറുക്കന്റ കല്ല്യാണം എന്ന ചിത്രത്തിലൂടെയാണ് സത്യൻ അന്തിക്കാട് സ്വതന്ത്ര സംവിധായകനാവുന്നത്. പിന്നീട് ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, പൊന്മുട്ടയിടുന്ന താറാവ്, വരവേൽപ്, മഴവിൽക്കാവടി, തലയണമന്ത്രം, പിൻഗാമി, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, മനസിനക്കരെ, അച്ചുവിന്റെ അമ്മ, രസതന്ത്രം, ഭാഗ്യദേവത, കഥ തുടരുന്നു, ഞാൻ പ്രകാശൻ തുടങ്ങീ നിരവധി ജനപ്രിയ സിനിമകളാണ് സത്യൻ അന്തിക്കാട് മലയാളത്തിന് നൽകിയത്.

ഇപ്പോഴിതാ 2006-ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ‘രസതന്ത്ര’ത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ചിത്രത്തിൽ ശ്രീനിവാസനെ ഉൾപ്പെടുത്താത്തതിനെ കുറിച്ചും സത്യൻ അന്തിക്കാട് പറയുന്നു. ഏത് വേഷം ചെയ്താലും ശ്രീനിവാസന് പ്രാധാന്യമില്ലെന്ന പരാതി വരുമെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്. ശ്രീനിവാസനും മോഹൻലാലും ഒരുമിച്ചുള്ള സിനിമകൾ ഇനിയും വരുമെന്നും സത്യൻ അന്തിക്കാട് പറയുന്നു.

“ഏത് വേഷം വേറെ ചെയ്താലും ശ്രീനിവാസന് പ്രാധാന്യമില്ലെന്ന പരാതി വരും. ശ്രീനിവാസനെ വെച്ച് ഇനിയും സിനിമകൾ ചെയ്യാം. ഞാനും ശ്രീനിവാസനും മോഹൻലാലും ഒരുമിച്ചുള്ള സിനിമകൾ ഇനിയുമുണ്ടാകും.

നല്ല സിനിമകളുണ്ടാകുന്നത് ജീവിതത്തിലെ സത്യങ്ങളിൽ നിന്നാണ്. ഒരു കാർപെന്ററുടെ വേഷത്തിൽ മോഹൻലാൽ വന്നാൽ നന്നാകുമെന്ന് എനിക്ക് തോന്നിയിട്ട് കുറേ കൊല്ലങ്ങളായി. മോഹൻലാലിനോട് പറഞ്ഞപ്പോൾ സുരേഷ് കുമാർ എന്ന് പേരിടാമെന്ന് പറഞ്ഞു.

ആ സമയത്താണ് പത്രങ്ങളിൽ ബാലവേലയ്ക്ക് അന്യ നാട്ടിൽ നിന്നും കുട്ടികളെ വേലയ്ക്ക് കൊണ്ട് വരുന്ന വാർത്ത കണ്ടത്. ഇത് നമ്മളെ വേദനിപ്പിക്കും. ഈ ക്യാരക്ടർ കൂടി കിട്ടിയപ്പോഴാണ് രണ്ടും കൂടെ കണക്ട് ചെയ്യാൻ നമുക്ക് ഫീൽ ചെയ്യുന്നത്. സത്യമുള്ള സിനിമകൾ പരാജയപ്പെടാൻ വലിയ ബുദ്ധിമുട്ടാണ്.” എന്നാണ് സത്യൻ അന്തിക്കാട് പറഞ്ഞത്.