അറുപതില്‍പരം സിനിമകള്‍ റിലീസ് കാത്ത് കഴിയുന്നു; തിയേറ്ററുകള്‍ തുറക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി അറിയിച്ചതായി സത്യന്‍ അന്തിക്കാട്

കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് തിയേറ്ററുകള്‍ തുറക്കുന്നതിനെ കുറിച്ചുള്ള ആലോചന പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതായി സത്യന്‍ അന്തിക്കാട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം ചലച്ചിത്ര സംഘടനകളുടെ ഓണ്‍ലൈന്‍ യോഗം വിളിച്ചിരുന്നതായും സത്യന്‍ അന്തിക്കാട് മനോരമ ഓണ്‍ലൈനോടു വ്യക്തമാക്കി.

ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഉള്‍പ്പെടെ അറുപതില്‍ പരം സിനിമകളാണ് തിയേറ്റര്‍ അടച്ചതിനാല്‍ റിലീസ് കാത്ത് കഴിയുന്നത്. തൃശൂരില്‍ മുഖ്യമന്ത്രി എത്തിയപ്പോള്‍ ഒരു വ്യക്തി എന്ന നിലയില്‍ മുഖ്യമന്ത്രിയോട് ഈ ആവശ്യം ഉന്നയിക്കുകയായിരുന്നു എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് പകുതിയോടെയാണ് തിയേറ്ററുകള്‍ അടച്ചത്.

സിനിമാ ചിത്രീകരണങ്ങള്‍ ആരംഭിച്ചെങ്കിലും പത്തു മാസങ്ങള്‍ കഴിഞ്ഞിട്ടും തിയേറ്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. പൊങ്കല്‍ റിലീസായി ജനുവരി 13ന് മാസ്റ്റര്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന നല്ല വാര്‍ത്തയാണ് തമിഴകത്തു നിന്നും കഴിഞ്ഞ ദിവസം എത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായുള്ള വിജയ്‌യുടെ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു റിലീസ് പ്രഖ്യാപനം.

Read more

പത്തു മാസമായി പെട്ടിയില്‍ ഇരുന്നു പോയ നൂറിലേറെ തമിഴ് ചിത്രങ്ങള്‍ക്കു പ്രതീക്ഷ പകരുന്നതാണ് ഈ പ്രഖ്യാപനം. സമാന സാഹചര്യമാണ് കേരളത്തിലെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. തിയേറ്ററുകള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ഉണ്ണി മുകുന്ദനും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പൊതു മേഖലകളെല്ലാം സജീവമായി ബാറുകളടക്കം തുറന്നെങ്കിലും തിയേറ്ററുകള്‍ മാത്രം തുറക്കാത്തതിനെ കുറിച്ചാണ് താരം പ്രതികരിച്ചത്.