വളരെ കുറഞ്ഞ പ്രതിഫലത്തിന് വിജയ് ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ച് പറഞ്ഞ് നടി സീമ ജി നായര്‍. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സീമ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. വിജയ് ചിത്രമായ ‘ഭൈരവ’യില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചതിനെ കുറിച്ചാണ് സീമ തുറന്നു പറഞ്ഞത്. ആ ചിത്രത്തിനായി നല്കിയ പ്രതിഫലം പുറത്തു പറയാനാവില്ല എന്നാണ് സീമ പറയുന്നത്.
സീമ ജി നായരുടെ വാക്കുകള്‍:
പാതി എന്നൊരു സിനിമ ചെയ്തു കൊണ്ടിരിക്കെയാണ് തമിഴില്‍ നിന്നൊരു പ്രൊഡക്ഷന്‍ കണ്ട്രോളര് വിളിക്കുന്നത്. വിജയ് ചിത്രം ഭൈരവയില്‍ ഒരു വേഷമുണ്ട്. ചിത്രത്തിലൊരു മലയാളി കുടുംബമാണ്. അതില്‍ സീമ ചേച്ചി അഭിനയിക്കണം എന്ന് പറഞ്ഞു. വിജയിയുമായിട്ടോ ഭൈരവയുടെ ക്രൂവുമായോ എനിക്ക് ബന്ധമൊന്നുമില്ല. ആരു പറഞ്ഞിട്ടാണ് എന്നെ വിളിച്ചതെന്ന് ചോദിച്ചു. അവിടുന്ന് വന്ന കോളാണ്. എല്ലാം പറഞ്ഞ് ശരിയാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചേച്ചി റെഡിയായി നിന്നോളൂ, ഞാനൊരു മീറ്റിംഗിന് കയറുകയാണ്. അത് കഴിഞ്ഞ് വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു. രാത്രിയായിട്ടും അദ്ദേഹം വിളിച്ചില്ല.
രാത്രി ഒമ്പത് മണിയ്ക്ക് ശേഷം വേറൊരു കണ്ട്രോളര് വിളിച്ചു. വിജയ്യുടെ പടത്തിലേക്കൊരു വേഷമുണ്ടെന്ന് പറഞ്ഞു. വിളിച്ച കാര്യം പറഞ്ഞപ്പോള്‍ അത് അറിയില്ലെന്നും തമിഴില്‍ നിന്നുമാണ് തന്നെ വിളിച്ചതെന്നും പറഞ്ഞു. പ്രതിഫലത്തെക്കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞു. ഏറ്റവും കുറഞ്ഞ പ്രതിഫലമാണ് പറഞ്ഞത്. പുറത്ത് പറയാന്‍ പറ്റില്ല, നാണക്കേടാണ്. വിജയ്യുടെ സിനിമയല്ലേ? കുറഞ്ഞു പോയല്ലോ എന്ന് ഞാന്‍ ചോദിച്ചു. അത് സാരമാക്കണ്ട വിജയ്യുടെ പടമല്ലേ, പണത്തിന് വേണ്ടി ബലം പിടിക്കണ്ട എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ഒന്ന് രണ്ട് പേരെ വിളിച്ച് ചോദിച്ചപ്പോഴും എല്ലാവരും വിജയിയുടെ സിനിമയാണല്ലോ എന്നാണ് ചോദിച്ചത്. അങ്ങനെ ചെറിയ പ്രതിഫലത്തിന് സമ്മതം മൂളി.
പിറ്റേദിവസം രാവിലെ ആദ്യം വിളിച്ച പ്രൊഡക്ഷന്‍ കണ്ട്രോളര് വിളിച്ചു. ഇത്ര ലക്ഷം രൂപയ്ക്ക് എല്ലാം പറഞ്ഞ് ശരിയാക്കിയിരുന്നു. ഇന്നലെ റേഞ്ചില്ലാത്തൊരു ഇടത്തായിരുന്നു. ചേച്ചി ഓക്കെ അല്ലേന്ന് ചോദിച്ചു. അയ്യോ അത് ഇന്നലെ രാത്രി തന്നെ ഓക്കെ ആയല്ലോ. നിങ്ങള്‍ പറഞ്ഞിട്ടല്ലേ വിളിച്ചതെന്ന് ചോദിച്ചു. അല്ല എന്നായിരുന്നു മറുപടി. ഞാന്‍ ആകെ കണ്‍ഫ്യൂഷനിലായി. ഇന്നലെ രാത്രിയായിട്ടും അദ്ദേഹത്തെ ഫോണില്‍ കിട്ടാതെ വന്നതോടെ തമിഴില്‍ നിന്നും രണ്ടാമത് വിളിച്ച പ്രൊഡക്ഷന്‍ കണ്‍ട്രോളറെ വിളിക്കുകയായിരുന്നു. നേരത്തെ പറഞ്ഞ് വച്ചതിന്റെ പത്തിലൊന്നു പോലുമായിരുന്നില്ല രണ്ടാമത് വിളിച്ചയാള്‍ പറഞ്ഞ പ്രതിഫലം. എനിക്ക് ഒന്നും മിണ്ടാന്‍ പറ്റിയില്ല.
ഞാനും കുട്ടേട്ടനുമാണ് ആ സിനിമയില്‍ അഭിനയിച്ചത്. ഭാര്യയും ഭര്‍ത്താവുമായിരുന്നു. ചെന്നൈയില്‍ ചെന്നപ്പോള്‍ സീമ ജി നായര്‍ എന്ന പേരെഴുതിയ കാരവന് ഉണ്ടായിരുന്നു. കരിയറില്‍ ആദ്യമായിട്ടാണ് എനിക്കായി ഒരു കാരവന് ലഭിക്കുന്നത്. സന്തോഷവും അമ്പരപ്പും തോന്നി. അതേസമയം എങ്ങനെയാണ് ഇവര്‍ എന്നിലേക്ക് എത്തിയതെന്ന് മനസിലായില്ല. ഭരതന് ആയിരുന്നു സിനിമയുടെ സംവിധായകന്. അദ്ദേഹത്തെ കണ്ട് എങ്ങനെയാണ് എന്നെ കണ്ടെത്തിയതെന്ന് ചോദിച്ചു. ഞാന്‍ തന്നെ അഭിനയിക്കണം എന്ന് അദ്ദേഹത്തിന് നിര്ബന്ധമായിരുന്നത്രേ. എന്റേയും കൂട്ടേട്ടന്റേയും ഞങ്ങളുടെ മകളായി അഭിനയിക്കുന്ന കുട്ടിയുടേയും ചിത്രങ്ങള്‍ ചേര്‍ത്തുവച്ചൊരു ചിത്രമൊക്കെ അദ്ദേഹം ഉണ്ടാക്കിയിരുന്നു. അദ്ദേഹം എന്റെ സിനിമകള്‍ കണ്ടിരുന്നു. അതായിരുന്നു ഞാന്‍ തന്നെ അഭിനയിക്കണമെന്ന് പറയാന്‍ കാരണം.