വിനീതിന്റെ ആദ്യ ചിത്രം മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് മുതല്‍ ഷാന്‍ റഹ്‌മാനുമായുള്ള കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മിക്ക ഗാനങ്ങളും സൂപ്പര്‍ ഹിറ്റുകളാണ്. ഇതുപോലെ വലിയ ഹിറ്റായ ഗാനമായിരുന്നു ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമിക്കി കമ്മല്‍ എന്ന ഗാനം. ഷാന്റെ സംഗീതത്തില്‍ വിനീത് പാടി ഹിറ്റാക്കിയ ഈ ഗാനത്തിന് പിന്നിലെ കഥ പറയുകയാണ് ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ ഷാന്‍ റഹ്‌മാന്‍. ജിമിക്കി കമ്മല്‍ എന്ന പാട്ട് കമ്പോസ് ചെയ്യുമ്പോള്‍ എല്ലാവരും ഏറ്റെടുത്തു പാടുന്ന ഒരു പാട്ടാവണം അതെന്ന് നിര്‍ബന്ധമുണ്ടായിരുന്നെന്ന് ഷാന്‍ പറയുന്നു.
ജിമിക്കി കമ്മല്‍ റെക്കോഡ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ വിനീത് വോയ്സ് ബൂത്തിനകത്ത് കയറി. സൗണ്ട് എൻജിനീയര്‍ അവിടെ ഇരിക്കുന്നുണ്ട്. ഞാന്‍ പിറകില്‍ വലിയൊരു സോഫയില്‍ കിടക്കുകയാണ്. എന്നിട്ട് ഫോണില്‍ ഓരോ മെസ്സേജ് എല്ലാം നോക്കിക്കൊണ്ടിരിക്കുകയാണ്. അളിയാ എന്തെങ്കിലും ഉണ്ടെങ്കില്‍ നീ പറയണേ’ എന്ന് വിനീത് വിളിച്ചു പറയുന്നുണ്ട്. ഒന്നും ഇല്ല, ഒറ്റ ടേക്കില്‍ ഈ പാട്ടെടുക്കും. അതില്‍ ഓക്കെ ആകുന്നത് മതിയെന്ന് ഞാനും പറഞ്ഞു.
Read more
കാരണം എനിക്കിത് പോളിഷ് ചെയ്ത് ഒന്നുകൂടി നന്നാക്കി എടുക്കണം, ഒന്നുകൂടി വൃത്തിയാക്കി പാടണം എന്നൊന്നും ഉണ്ടായിരുന്നില്ല. ഈ പാട്ടിന് വേണ്ടത് ചെറിയൊരു വൃത്തികേടാണ്. അത് നീ പാടുമ്പോള്‍ ഓട്ടോമാറ്റിക്കായി വന്നോളുമെന്നായിരുന്നു വിനീതിനോട് പറഞ്ഞത് (ചിരി). അങ്ങനെ പതിനഞ്ച് മിനിട്ട് കൊണ്ട് റെക്കോഡിംഗ് കഴിഞ്ഞു.