LSG VS PKBS: ഇതൊരുമാതിരി ചെയ്ത്തായി പോയി, എല്ലാം നടന്നത് അവര്‍ക്ക് അനുകൂലമായി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സഹീര്‍ ഖാന്‍

പഞ്ചാബ് കിങ്‌സിനോട് എട്ട് വിക്കറ്റിന്റെ തോല്‍വി വഴങ്ങി റിഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഐപിഎല്‍ പോയിന്റ് പട്ടികയില്‍ വീണ്ടും താഴോട്ട് പോയിരിക്കുകയാണ്. മത്സരത്തില്‍ ലഖ്‌നൗ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 16.2 ഓവറിലാണ് പഞ്ചാബ് കിങ്‌സ് മറികടന്നത്. റിഷഭ് പന്ത് ബാറ്റിങ്ങില്‍ വീണ്ടും പരാജയപ്പെട്ട മത്സരത്തില്‍ നിക്കോളാസ് പുരാന്‍(44), ആയുഷ് ബദോനി(41), മാര്‍ക്രം(28), അബ്ദുള്‍ സമദ്(27) എന്നിവര്‍ മാത്രമാണ് ലഖ്‌നൗവിനായി കാര്യമായ സംഭാവനകള്‍ നല്‍കിയത്. ഈ സീസണില്‍ തങ്ങളുടെ രണ്ടാം തോല്‍വിയാണ് ലഖ്‌നൗ കഴിഞ്ഞ മത്സരത്തില്‍ വഴങ്ങിയത്. കളി തോറ്റതിന് പിന്നാലെ തങ്ങളുടെ ഹോം ഗ്രൗണ്ട് പഞ്ചാബിന് വേണ്ടി ഒരുക്കിയത് പോലെ തോന്നി എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ലഖ്‌നൗ മെന്റര്‍ സഹീര്‍ ഖാന്‍.

ലഖ്‌നൗവിലെ ഏകാന സ്‌റ്റേഡിയം തങ്ങളുടെ ഹോം ഗ്രൗണ്ടാണെങ്കിലും ക്യൂറേറ്റര്‍മാര്‍ പഞ്ചാബ് കിങ്‌സിന് അനുകൂലമായി പിച്ച് ഒരുക്കിയതായി തോന്നിയെന്നാണ് സഹീര്‍ ഖാന്‍ പറയുന്നത്. മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ടീം ലഖ്‌നൗവിനെ ബാറ്റിങിന് അയച്ച് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനെ ആദ്യ ഓവറില്‍ തന്നെ അവര്‍ക്ക് നഷ്ടമായി. പിന്നാലെ ടീം സ്‌കോര്‍ 30കളില്‍ നില്‍ക്കുന്ന സമയത്ത് തന്നെ മറ്റൊരു ഓപ്പണര്‍ മാര്‍ക്രത്തെയും റിഷഭ് പന്തിനെയും നഷ്ടമായി. എന്നാലും നിക്കോളാസ് പുരാന്‍, ആയുഷ് ബദോനി, അബ്ദുള്‍ സമദ് എന്നിവരുടെ ബാറ്റിങിന്റെ ബലത്തില്‍ 171 റണ്‍സ് എന്ന മാന്യമായ സ്‌കോര്‍ ലഖ്‌നൗ നേടി.

എന്നാല്‍ 16.2 ഓവറില്‍ ഈ വിജയലക്ഷ്യം പഞ്ചാബ് മറികടന്നതാണ് ലഖ്‌നൗ മെന്റര്‍ സഹീര്‍ ഖാനെ നിരാശപ്പെടുത്തിയത്. ഹോംഗ്രൗണ്ട് ടീമിനേക്കാള്‍ സന്ദര്‍ശകര്‍ക്ക് അനുകൂലമാവുന്ന ആദ്യത്തേതും അവസാനത്തേതുമായ മത്സരം ഇതായിരിക്കുമെന്നുളള പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ഇങ്ങനെയൊരു മത്സരഫലം നിരാശയാണ് പലര്‍ക്കും ഉണ്ടാക്കുന്നത്. ഹോം മാച്ച് എന്ന അനുകൂലഘടകം ടീമുകള്‍ക്ക് ഐപിഎലില്‍ ഉണ്ടാവാറുണ്ട്. ആ ഒരു കാര്യം വച്ച് നോക്കുമ്പോള്‍ ക്യൂറേറ്റര്‍ ഇതേക്കുറിച്ച് ശരിക്കും ചിന്തിച്ചില്ലെന്ന് തോന്നുന്നു. പഞ്ചാബ് ടീമിന്റെ ക്യൂറേറ്ററാണ് ഇവിടെയുളളതെന്ന് ഇന്നത്തെ മത്സരശേഷം എനിക്ക് തോന്നി. ഇത് പുതിയൊരു രീതി പോലെ തോന്നുന്നു, സഹീര്‍ ഖാന്‍ പറഞ്ഞു. തോറ്റെങ്കിലും ഇനിയും മത്സരങ്ങളിലൂടെ തങ്ങള്‍ ടൂര്‍ണമെന്റില്‍ തിരിച്ചുവരുമെന്നുളള പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.