ദിലീപിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു മമ്മൂട്ടി- ജോഷി കൂട്ടുകെട്ടില്‍ എത്തിയ സൈന്യം. 1993ല്‍ ഇറങ്ങിയ സിനിമയില്‍ ഒരു ചെറിയ റോളിലാണ് താരം എത്തിയത്. സൈന്യം ചിത്രത്തില്‍ ദിലീപിന് ഡയലോഗുകള്‍ കിട്ടാനുള്ള കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവര്‍ത്തി.
ഹൈദരാബാദില്‍ വെച്ചായിരുന്നു സൈന്യത്തിന്റെ ഷൂട്ടിംഗ്. അന്ന് ദിലീപ് എല്ലാ ദിവസവും തന്റെ കൂടെ നടക്കാന്‍ വരുമായിരുന്നു. മൊബൈല്‍ ഇല്ലാത്തതു കൊണ്ട് ഫോണ്‍ വിളിക്കാനൊക്കെ എസ്ടിഡി ബൂത്തിലേക്ക് പോവും. രാത്രി പത്ത് മണിയാവുമ്പോള്‍ എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കണമായിരുന്നു. ദിലീപും തന്റെ കൂടെ വരും.
ദിലീപ് മിമിക്രി രംഗത്തു നിന്നുളള ആളായതു കൊണ്ട് എന്തെങ്കിലും തമാശകളൊക്കെ അവന് പറയും. അതുകൊണ്ട് കൂടെ വരുന്നത് സന്തോഷമായിരുന്നു. അതിന്റെ കൂടെ ദിലീപിന് ഒരു ദുരുദ്ദേശം കൂടെ ഉണ്ടായിരുന്നു. സൈന്യത്തിലെ പിളേളരുടെ ഗ്രൂപ്പിന് പറയത്തക്ക ഡയലോഗുകളൊന്നുമില്ല. പേരുകള്‍ പോലും ആര്‍ക്കും കറക്ടായിട്ട് ഇല്ല. മമ്മൂട്ടിയുടെയും മുകേഷിന്റെയും കീഴില്‍ പഠിക്കുന്ന ട്രെയിനി പിളേളരാണ് ഇവര്‍.
അപ്പോള്‍ ദിലീപ് തന്റെ അടുത്ത് വന്ന് എന്തെങ്കിലും ഡയലോഗ് ഉണ്ടാകുമോ എന്ന് ചോദിച്ചിരുന്നു. അങ്ങനെയാണ് ദിലീപിന് കൊക്കു തോമ എന്ന പേരിട്ട് കൊടുക്കുകയും അവന്റെ ട്രാക്കിന് ഒരല്‍പ്പം സ്പേസ് ഉണ്ടാക്കി കൊടുക്കുകയും ചെയ്തത്. അന്ന് മെലിഞ്ഞ ശരീരപ്രകൃതമുളള ആളായിരുന്നു ദിലീപ്. തടി തോന്നിക്കാനായി അന്ന് പത്ത് നാല്പത്തിമൂന്ന് സെന്റി ഡിഗ്രി ഗ്രേഡ് ചൂടില്‍ കത്തി നില്ക്കുന്ന സ്ഥലത്ത് സ്വെറ്റര്‍ ഷര്‍ട്ടിനുളളില്‍ ഇട്ടാണ് ദിലീപ് വന്നത്.
Read more
നല്ല ചൂടുളള സമയത്ത് മുഴുവന്‍ ദിവസവും ദിലീപ് ആ സെറ്ററിട്ട് നിന്നു. ആ ഒരു ഹാര്‍ഡ് വര്‍ക്ക് അതാണ് ദിലീപിനെ ആക്ടറാക്കിയത്. കാരണം മറ്റ് താര ശരീരങ്ങള്‍ ആവശ്യപ്പെടുന്ന പോലുളള ശരീരമായിരുന്നില്ല ദിലീപിന്റെത്. സ്റ്റാര്‍ഡത്തിലേക്കുളള വളര്‍ച്ചയില്‍ ദിലീപിന്റെ ഹാര്‍ഡ് വര്‍ക്ക് തന്നെയായിരുന്നു കാരണം എന്നും ഷിബു ചക്രവര്‍ത്തി വ്യക്തമാക്കി.