'ഈ വെള്ളക്കാരനെ എന്തിനാണ് വിവാഹം കഴിച്ചത്?', ഭര്‍ത്താവിനെതിരെ വരുന്ന ട്രോളുകളെ കൈകാര്യം ചെയ്യേണ്ടി വരും: ശ്രിയ ശരണ്‍

തനിക്കും ഭര്‍ത്താവിനും നേരെ ഉയരുന്ന ട്രോളുകളെ കുറിച്ച് പറഞ്ഞ് നടി ശ്രിയ ശരണ്‍. റഷ്യന്‍ ടെന്നീസ് പ്ലെയറും ബിസിനസ്മാനുമായ ആന്‍ഡ്രി കൊസ്ച്ചീവ് ആണ് ശ്രിയയുടെ ഭര്‍ത്താവ്. 2018ല്‍ ആണ് ശ്രിയയും ആന്‍ഡ്രിയും വിവാഹിതരായത്. തങ്ങള്‍ക്ക് നേരെ വരുന്ന ട്രോളുകളോട് ഭര്‍ത്താവിന് ദേഷ്യമാണ് തോന്നാറുള്ളത് എന്നാണ് ശ്രിയ പറയുന്നത്.

ട്രോളുകള്‍ തമാശ ആണെങ്കില്‍ ആന്‍ഡ്രി വായിക്കുകയും തങ്ങള്‍ ചിരിച്ചു തള്ളുകയും ചെയ്യും. എന്നാല്‍ അടുത്തിടെ അദ്ദേഹത്തെ കുറിച്ച് മോശമായ ഒരു ട്രോള്‍ വന്നിരുന്നു. ‘ഈ വെള്ളക്കാരനെ എന്തിനാണ് വിവാഹം കഴിച്ചത്?’ എന്നായിരുന്നു ട്രോള്‍. ആന്‍ഡ്രി ശരിക്കും അസ്വസ്ഥനായി.

താന്‍ ഒരു മനുഷ്യനാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. താന്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. തമാശ നിറഞ്ഞ ട്രോളുകള്‍ കണ്ട് ചിരിക്കുന്നതിനൊപ്പം ഇത്തരം കമന്റുകളെയും കൈകാര്യം ചെയ്യേണ്ടി വരും. അന്നത്തെ ട്രോളിന് ശേഷം തങ്ങളെ കുറിച്ച് എഴുതിയതൊന്നും രണ്ടുപേരും വായിക്കാതെയായി.

അദ്ദേഹം തന്നെയും താന്‍ അദ്ദേഹത്തേയും ഗൂഗിള്‍ ചെയ്യാറില്ല. കുടുംബാംഗങ്ങളും സുഹൃത്തുക്കളും എഴുതുന്നതല്ലാതെ മറ്റ് അഭിപ്രായങ്ങള്‍ വായിക്കില്ല. ട്രോളുകളെ മൈന്‍ഡ് ചെയ്യാറില്ല എന്നാണ് ശ്രിയ പറയുന്നത്. അതേസമയം, ‘ദൃശ്യം 2’ ആണ് ശ്രിയയുടെ അവസാനം റിലീസ് ആയ ചിത്രം.

Read more

അജയ് ദേവ്ഗണ്‍ നായകനായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തില്‍ മീന അവതരിപ്പിച്ച കഥാപാത്രത്തെയാണ് ശ്രിയ അവതരിപ്പിച്ചിരിക്കുന്നത്. നവംബര്‍ 18ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. 148 കോടി കളക്ഷന്‍ ആണ് 10 ദിവസങ്ങള്‍ക്കുള്ളില്‍ ദൃശ്യം 2 നേടിയിരിക്കുന്നത്.