ഇന്നത്തെ തലമുറയുടെ പ്രായോഗിക ബുദ്ധി കണക്കിലെടുത്തിരുന്നെങ്കില്‍ 'കിരീടം' ഉണ്ടാകുമായിരുന്നില്ല; കാരണം തുറന്നു പറഞ്ഞ് സിബി മലയില്‍

മലയാളി ഇന്നും അഭിമാനത്തോടെ എടുത്തു പറയുന്ന സിനിമകളിലൊന്നാണ് ലോഹിതദാസ്- സിബി മലയില്‍ കൂട്ടുകെട്ടിലൊരുങ്ങിയ കിരീടം. മോഹന്‍ലാല്‍ എന്ന നടന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് സേതുമാധവന്‍. എങ്കിലും ഇന്നത്തെ തലമുറ ചിന്തിക്കുന്നതു പോലെ ആണെങ്കില്‍ കിരീടം എന്ന സിനിമ തന്നെ ഉണ്ടാവുമായിരുന്നില്ലെന്ന് സംവിധായകന്‍ സിബി മലയില്‍ പറയുന്നു.

അച്ഛനെ തല്ലുന്നതു കാണുമ്പോള്‍ എസ്.ഐ പട്ടികയില്‍ പേരുള്ള മകന്‍ അവിടെ ഇടപെടാതെ ബുദ്ധിപരമായി മാറി നില്‍ക്കണമായിരുന്നെന്ന് അടുത്തിടെ ഒരു വിദ്യാര്‍ത്ഥി തന്നോടു പറഞ്ഞെന്ന് സിബി ഓര്‍മ്മിച്ചു. ചാക്കോള- ഓപ്പന്‍, റോസി അനുസ്മരണ അവാര്‍ഡ് ദാന സമ്മേളനത്തിലാണ് സിബി മലയില്‍ ഓര്‍മ്മ പങ്കു വെച്ചത്.

Read more

പുതിയ തലമുറയുടെ പ്രായോഗിക ബുദ്ധി കണക്കിലെടുത്തിരുന്നെങ്കില്‍ കിരീടം എന്ന സിനിമ തന്നെ സംഭവിക്കില്ലായിരുന്നു- സിബി പറഞ്ഞു. അടുത്തിടെ ഒരു സംവാദത്തില്‍ ഒരു വിദ്യാര്‍ത്ഥിയാണ് പറഞ്ഞത്, അച്ഛനെ തല്ലുന്നതു കാണുമ്പോള്‍ എസ്.ഐ പട്ടികയില്‍ പേരുള്ള മകന്‍ അവിടെ ഇടപെടാതെ ബുദ്ധിപരമായി മാറി നില്‍ക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്. എസ്.ഐ ആയി കഴിഞ്ഞാല്‍ അയാള്‍ക്ക് പകരം വീട്ടാനുള്ള അവസരം വിനിയോഗിക്കാം; അല്ലെങ്കില്‍ ക്വട്ടേഷന്‍ കൊടുക്കാം. ഇങ്ങനെയൊക്കെയാണ് പുതിയ തലമുറയുടെ ചിന്തകള്‍- സിബി മലയില്‍ പറഞ്ഞു. ബുദ്ധിപരമായി മാത്രമാണ് അവര്‍ സാഹചര്യങ്ങളെ വിലയിരുത്തുന്നത്- സിബി പറഞ്ഞു.