പാച്ചുവും ഹംസ്വധ്വനിയും തമ്മിലുള്ള രംഗങ്ങളെല്ലാം മനസിൽ സ്വാധീനിക്കുന്നതായിരുന്നു: ശ്രീനിവാസൻ

മലയാളത്തിന്റെ പ്രിയപ്പെട്ട കോമ്പോയാണ് സത്യൻ അന്തിക്കാട്- ശ്രീനിവാസൻ കൂട്ടുകെട്ട്. നാടോടിക്കാറ്റ്, സന്മനസ്സ് ഉള്ളവക്ക് സമാധാനം, ഗാന്ധി നഗർ സെക്കന്റ്‌ സ്ട്രീറ്റ്, വരവേൽപ്പ്, ഞാൻ പ്രകാശൻ തുടങ്ങീ നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിൽ പിറന്നിട്ടുള്ളത്. ഇപ്പോഴിതാ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്ത ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ശ്രീനിവാസൻ.

സിനിമയിൽ തലമുറമാറ്റം സംഭവിക്കുകയാണെന്നും, അഖിൽ സത്യന്റെ പാച്ചുവും അത്ഭുതവിളക്കും കണ്ടിട്ട് സത്യൻ അന്തിക്കാടിനെ താൻ വിളിച്ചിരുന്നുവെന്നും പറഞ്ഞ ശ്രീനിവാസൻ പാച്ചുവും ഹംസ്വധ്വനിയും തമ്മിലുള്ള രംഗങ്ങളെല്ലാം മനസിൽ സ്വാധീനിക്കുന്നതായിരുന്നുവെന്നും കൂട്ടിചേർത്തു.

“സിനിമയിൽ തലമുറമാറ്റം സംഭവിക്കുകയാണ്. സത്യന്റെയും എന്റെയും മക്കൾ സിനിമയാണ് തൊഴിലായി സ്വീകരിച്ചത്. അവരുടെ സിനിമകളും ഇന്ന് ഞങ്ങളുടെ സംസാരത്തിലേക്ക് കടന്നുവരാറുണ്ട്. അടുത്തിടെ സത്യന്റെ മകന്റെ സിനിമ കണ്ടപ്പോൾ ഞാൻ അഖിലിനെ വിളിച്ചു.

പാച്ചുവും ഹംസ്വധ്വനിയും തമ്മിലുള്ള രംഗങ്ങളെല്ലാം മനസിൽ സ്വാധീനിക്കുന്നതായിരുന്നു. സിനിമ ഇഷ്ടമായതായി അറിയിച്ചു. അനൂപിൻ്റെ ‘വരനെ ആവശ്യമുണ്ട്’ കണ്ടപ്പോഴും ഇതു തന്നെയാണ് തോന്നിയത്. മക്കൾ അവരുടെ സ്വന്തം ഇടങ്ങൾ കണ്ടെത്തി ക്കഴിഞ്ഞിരിക്കുന്നു അച്ഛൻമാർക്ക് മക്കളുടെ ഭാവിയെക്കുറിച്ച് ആധികളുണ്ടാകുന്നത് സ്വാഭാവികമാണ്.”

1982-ൽ കുറുക്കന്റ കല്ല്യാണം എന്ന ചിത്രത്തിലൂടെയാണ് സത്യൻ അന്തിക്കാട് സ്വതന്ത്ര സംവിധായകനാവുന്നത്. പിന്നീട് ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, പൊന്മുട്ടയിടുന്ന താറാവ്, വരവേൽപ്, മഴവിൽക്കാവടി, തലയണമന്ത്രം, പിൻഗാമി, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, മനസിനക്കരെ, അച്ചുവിന്റെ അമ്മ, രസതന്ത്രം, ഭാഗ്യദേവത, കഥ തുടരുന്നു, ഞാൻ പ്രകാശൻ തുടങ്ങീ നിരവധി ജനപ്രിയ സിനിമകളാണ് സത്യൻ അന്തിക്കാട് മലയാളത്തിന് നൽകിയത്.