എനിക്ക് പത്ത് ലക്ഷം രൂപ ഇടണം ടുട്ടൂ എന്ന് പറഞ്ഞാല്‍ പോത്തന്‍ ഇടും, പക്ഷെ സൗഹൃദം വേറെ സിനിമ വേറെ: സുരഭി ലക്ഷ്മി

ദിലീഷ് പോത്തനുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ് നടി സുരഭി ലക്ഷ്മി. ഒന്നിച്ച് പഠിച്ചവരാണ് സുരഭിയും ദിലീഷും. ഒരുമിച്ച് നാടകങ്ങള്‍ അടക്കം ചെയ്തിട്ടുണ്ടെങ്കിലും സിനിമകള്‍ അങ്ങനെ ചെയ്തിട്ടില്ല. റൈഫിള്‍ ക്ലബ്ബ് എന്ന ചിത്രത്തിലാണ് ഇരുവരും ഇപ്പോള്‍ ഒന്നിച്ചിരിക്കുന്നത്. തങ്ങളുടെ സൗഹൃദത്തെ കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് സുരഭി ഇപ്പോള്‍.

”എത്ര നല്ല സുഹൃത്തുക്കളാണെങ്കിലും സിനിമയ്ക്ക് ആവശ്യമുണ്ടെങ്കില്‍ വിളിക്കും. വേണമെങ്കില്‍ എനിക്ക് ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ സിനിമകളിലോ സുഹൃത്തുക്കളുടെ സിനിമകളിലോ ഉണ്ടാകും. പക്ഷെ സൗഹൃദം വേറെ, സിനിമ വേറെ. ഇപ്പോള്‍ എനിക്ക് പത്ത് ലക്ഷം രൂപ ഇടണം ടുട്ടൂ എന്ന് പറഞ്ഞാല്‍ പോത്തന്‍ ഇടും.”

”തിരിച്ച് ഇടണമെന്ന് പറഞ്ഞാല്‍ അത്രയില്ലെങ്കിലും കുറച്ചൊക്കെ ഞാനും ഇടും. എനിക്ക് ഒരു പണിയുമില്ലാത്ത അവസ്ഥ ഇതുവരെ വന്നിട്ടില്ല. ഒരേ ക്ലാസില്‍ പഠിച്ച രണ്ട് പേര്‍ ഒരേ വര്‍ഷം ദേശീയ അവാര്‍ഡ് വാങ്ങിയത് ചരിത്രത്തിലുണ്ടോ എന്ന് എനിക്ക് അറിയില്ല. ഒരാള്‍ മികച്ച നടിക്കുള്ള അവാര്‍ഡ് വാങ്ങുന്നു. അതേ ക്ലാസില്‍ പഠിച്ചയാള്‍ മികച്ച മലയാള സിനിമയുടെ സംവിധായകനുള്ള അവാര്‍ഡ് വാങ്ങുന്നു.”

”രണ്ട് പേരും കരിയറില്‍ തങ്ങളുടേതായ പാതയില്‍ മുന്നോട്ട് പോകുകയായിരുന്നു. പോത്തന്‍ മാക്ബത്ത് നാടകം ചെയ്യുന്ന സമയത്ത് ലേഡി മാക്ബത്ത് ആയി അഭിനയിച്ചത് ഞാനാണ്. പക്ഷെ സിനിമ എടുക്കുമ്പോള്‍ ആ ക്യാരക്ടറിന് അനുയോജ്യമായ ആളെ തിരഞ്ഞെടുക്കും. അതില്‍ എനിക്ക് യാതൊരു പ്രശ്‌നവുമില്ല” എന്നാണ് സുരഭി റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, റൈഫിള്‍ ക്ലബ്ബ് തിയേറ്ററില്‍ ശ്രദ്ധ നേടുന്നുണ്ട്. ഡിസംബര്‍ 19ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും ആഷിഖ് അബു ആണ് നിര്‍വ്വഹിച്ചത്. ശ്യാം പുഷ്‌കരന്‍, ദിലീഷ് കരുണാകരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, ദിലീഷ്, ദര്‍ശന, സുരേഷ് കൃഷ്ണ, വിനീത് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.