ടിപി ചന്ദ്രശേഖരന്റെ ജീവിതം പ്രമേയമായ ‘ടിപി 51’ എന്ന സിനിമ റീ റിലീസ് ചെയ്യാന്‍ ജോണ്‍ ബ്രിട്ടാസിനോ കേരളാ മുഖ്യമന്ത്രിക്കോ ധൈര്യമുണ്ടോ എന്ന് സുരേഷ് ഗോപി. എമ്പുരാന്‍ സിനിമയെ ചൊല്ലിയുള്ള വിവാദങ്ങളിലാണ് സുരേഷ് ഗോപി സംസാരിച്ചത്. രാജ്യസഭയില്‍ വഖഫ് ബില്‍ ചര്‍ച്ചയ്ക്കിടെയാണ് എമ്പുരാന്‍ സിനിമ വിഷയത്തില്‍ ജോണ്‍ ബ്രിട്ടാസിന് മറുപടിയുമായി സുരേഷ് ഗോപി എത്തിയത്.
”ജോണ്‍ ബ്രിട്ടാസ് എമ്പുരാന്‍ സിനിമയെ കുറിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തിന് ‘ടിപി 51’ എന്ന സിനിമ റീ റിലീസ് ചെയ്യാന്‍ ധൈര്യമുണ്ടോ എന്ന് ഞാന്‍ ചോദിക്കുകയാണ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റിലീസ് ചെയ്യാന്‍ ധൈര്യമുണ്ടോ? ബ്രിട്ടാസിനോ, കൈരളി ചാനലിനോ, മുന്‍നിര നടനായ ചാനലിന്റെ ചെയര്‍മാനോ, ചെയര്‍മാന്റെ പേര് ഞാന്‍ പറയുന്നില്ല, കാരണം അദ്ദേഹം ഒരു ശുദ്ധാത്മാവാണ്.”
”അവര്‍ക്ക് ധൈര്യമുണ്ടോ? കേരളത്തിലെ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? ഈ രണ്ട് സിനിമകള്‍ റീ റിലീസ് ചെയ്യാന്‍ അവര്‍ക്ക് ധൈര്യമുണ്ടോ? അങ്ങനെ ചെയ്യാന്‍ ധൈര്യമുണ്ടെങ്കില്‍ അവര്‍ക്ക് എമ്പുരാന് വേണ്ടി അലറി വിളിക്കാം. എമ്പുരാന്റെ നിര്‍മ്മാതാക്കള്‍ക്ക് മുകളില്‍ സെന്‍സര്‍ ചെയ്യാനുള്ള പ്രഷര്‍ ഉണ്ടായിരുന്നില്ല.”
”ഞാനാണ് നിര്‍മ്മാതാക്കളെ അങ്ങോട്ട് വിളിച്ച് ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും എന്റെ പേര് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത്. അതാണ് സത്യം. ഇത് തെറ്റാണെന്ന് തെളിയിക്കുകയാണെങ്കില്‍ എന്ത് ശിക്ഷ ഏറ്റു വാങ്ങാനും ഞാന്‍ തയാറാണ്. ചിത്രത്തില്‍ നിന്നും 17 ഭാഗങ്ങള്‍ കട്ട് ചെയ്യുക എന്നത് നിര്‍മ്മാതാവിന്റെയും നായകനടന്റെയും സംവിധായകന്റെയും തീരുമാനമാണ്.”
”പക്ഷെ എന്താണ് രാഷ്ട്രീയത്തിന്റെ പേരില്‍ സംസ്ഥാനത്ത് നടന്നു കൊണ്ടിരിക്കുന്നത്, എന്റെ രാഷ്ട്രീയ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുകയാണ്” എന്നാണ് സുരേഷ് ഗോപി പറയുന്നത്. അതേസമയം, എമ്പുരാന്‍ സിനിമയിലെ മുന്ന എന്ന കഥാപാത്രത്തോട് സുരേഷ് ഗോപിയെ ഉപമിച്ചാണ് ബ്രിട്ടാസ് പ്രതികരിച്ചത്.
എമ്പുരാനിലെ മുന്നയെ പോലെ ഒരാള്‍ ഇവിടെയുണ്ടെന്നും ആ മുന്നയെ കേരളം തിരിച്ചറിയുമെന്നും ബ്രിട്ടാസ് പറഞ്ഞു. മലയാളിക്ക് ഒരു തെറ്റു പറ്റി. അത് വൈകാതെ തിരുത്തും. നേമത്തെ അക്കൗണ്ട് പൂട്ടിച്ചത് പോലെ തൃശൂരിലെ അക്കൗണ്ടും പൂട്ടിക്കും എന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് പറഞ്ഞത്.