സേതു, പിതാമഹൻ, നാൻ കടവുൾ, പരദേശി തുടങ്ങീ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ച സംവിധായകനാണ് ബാല. വിക്രം, സൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയൊരുക്കിയ പിതാമഹൻ ഏറെ നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രം കൂടിയായിരുന്നു. നേരത്തെ നന്ദ എന്ന ചിത്രത്തിലും സൂര്യ ആയിരുന്നു ബാലയുടെ നായകൻ.
പിതാമഹന് ശേഷം സൂര്യയും ബാലയും വീണ്ടുമൊന്നിക്കുന്നു എന്നതായിരുന്നു ‘വണങ്കാന്‍’ എന്ന സിനിമയുടെ പ്രത്യേകത. എന്നാൽ പിന്നീട് സൂര്യ ഈ ചിത്രത്തിൽ നിന്നും പിന്മാറിയത് വലിയ വാർത്തകൾ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് ചിത്രത്തിൽ നിന്നും സൂര്യ പിന്മാറിയത് എന്ന് പറയുകയാണ് സിനിമ മാധ്യമപ്രവർത്തകൻ ചെയ്യാര്‍ ബാലു.
“സാധാരണ ഒരു താരത്തിനും തന്‍റെ ക്രിയേറ്റീവ് സ്പേസില്‍ പ്രവേശനം നല്‍കാത്ത സംവിധായകനാണ് ബാല. കഥ പോലും ഒരു താരത്തിനോടും പറയില്ല. വേണ്ടത് അഭിനയിപ്പിച്ച് എടുക്കുക എന്നതാണ് രീതി.
പിതാമഹന് ശേഷം ആദ്യമായി ബാലയും സൂര്യയും ഒന്നിക്കുന്നു എന്നതായിരുന്നു വണങ്കാന്‍റെ പ്രത്യേകത. എന്നാല്‍ ഇപ്പോള്‍ താരമായി നില്‍ക്കുന്ന സൂര്യയെ അല്ല ബാല കണ്ടത്. അയാള്‍ക്ക് സൂര്യ നന്ദയില്‍ അഭിനയിച്ചിരുന്ന അതേ സൂര്യ തന്നെയാണ്. ഷൂട്ടിംഗ് ആരംഭിച്ച അന്ന് മുതല്‍ ഓടാനും ചാടനും പറയുന്നു. അത് ചെയ്യിക്കുന്നു ഇത് ചെയ്യിക്കുന്നു. എന്നാല്‍ എന്താണ് കഥയെന്ന് പറയുന്നില്ല.
ഒടുക്കം സൂര്യ നേരിട്ട് ചോദിച്ചു എന്താണ് സാര്‍ ഇതിന്‍റെ കഥ. ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ കൂടിയാകാം അത് സൂര്യ ചോദിച്ചത്. ഇത് ബാല ഒരു അപമാനമായി എടുത്തു. പിറ്റേ ദിവസം മുതല്‍ രംഗം കടുത്തതായി ബീച്ചില്‍ പൊരിവെയിലത്ത് മണിക്കൂറുകള്‍ സൂര്യയെ ബാല നടത്തിച്ചു.
നൂറുകണക്കിന് ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെ മുന്നില്‍ വച്ച് ചീത്ത വിളിച്ചു. ഒടുക്കം രണ്ട് ദിവസത്തില്‍ സൂര്യ തീരുമാനത്തില്‍ എത്തി ചിത്രത്തിന് ഇതുവരെ കോടികള്‍ ചിലവാക്കി എങ്കിലും വണങ്കാനുമായി മുന്നോട്ട് പോകേണ്ടെന്ന തീരുമാനമാണ് സൂര്യ എടുത്തത്. ഇതോടെ ബാലയ്ക്കും സൂര്യയ്ക്കും ഇടയിലുള്ള എല്ലാ ബന്ധവും അവസാനിച്ചു.
എന്തായാലും സൂര്യ പിന്‍മാറിയ പടം ഏറെ കഷ്ടപ്പെട്ടാണ് വീണ്ടും ബാല അരുണ്‍ വിജയിയെ വച്ച് എടുത്തത്. കരിയറില്‍ വലിയൊരു ബ്രേക്ക് ആഗ്രഹിക്കുന്ന അരുണ്‍ എന്ത് കഷ്ടപ്പാട് സഹിച്ചും ബാലയുടെ ചിത്രത്തിലെ വേഷം ചെയ്യാന്‍ തയ്യാറായിരുന്നു.
Read more
എന്നാല്‍ വണങ്കാനില്‍ നിന്നും സൂര്യ പിന്‍മാറിയപ്പോള്‍ രണ്ടുപേരും ഈ സംഭവം ഒന്നും പുറത്ത് അറിയിക്കാതെ പത്രകുറിപ്പ് ഇറക്കിയിരുന്നു.” എന്നാണ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചെയ്യാർ ബാലു പറഞ്ഞത്.