ബ്ലെസി ‘ആടുജീവിതം’ സിനിമ ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ നജീബ് ആകാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് നടന്‍ ടൊവിനോ തോമസ്. അന്ന് പുതുമുഖമായിരുന്ന താന്‍ എന്ത് വേണമെങ്കിലും ചെയ്യാമെന്ന ആവേശത്തിലായിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റ് വഴിയും മറ്റ് പല വഴികളിലൂടെയും സംവിധായകനോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു എന്നാണ് ടൊവിനോ തുറന്നു പറഞ്ഞിരിക്കുന്നത്.
”ആടുജീവിതം എന്ന സിനിമ ചെയ്യാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ചിത്രത്തിന്റെ തിരക്കഥ വായിച്ചപ്പോള്‍ തന്നെ ആ ചിത്രം ചെയ്യണമെന്ന കടുത്ത ആഗ്രഹം തോന്നി. നജീബ് എന്ന കഥാപാത്രമായി എന്നെ പരിഗണിക്കാനും ബ്ലെസി സാറിന്റെ ശ്രദ്ധയിലേക്ക് എന്റെ പേര് കൊണ്ടുവരാനും ഞാന്‍ പല ശ്രമങ്ങളും നടത്തിയിരുന്നു.”
”മേക്കപ്പ് ചീഫായ രഞ്ജിത്ത് അമ്പാടി വഴി ബ്ലെസി സാറിനോട് സംസാരിക്കാന്‍ ശ്രമിച്ചത്. 2014ല്‍ കൂതറ എന്ന സിനിമ ചെയ്യുന്നതിനിടയില്‍. ആടുജീവിതത്തിന് വേണ്ടി രാജുവേട്ടനുമായുള്ള സംസാരം നടക്കുന്നുണ്ടായിരുന്നെങ്കിലും ആദ്യം വിക്രം സാര്‍ അഭിനയിക്കുമെന്നാണ് ഞാന്‍ കരുതിയിരുന്നത്.”
”എല്ലാത്തിനോടും കൗതുകമുള്ള, എന്തിനും തയ്യാറായുളള ഒരു പുതുമുഖമായിരുന്നു അന്ന് ഞാന്‍ സിനിമയില്‍. എന്ത് വേണമെങ്കിലും ചെയ്യാമെന്ന ആവേശത്തിലായിരുന്നു ബ്ലെസി സാറിനെ സമീപിച്ചതും. ഇപ്പോഴും സിനിമയ്ക്ക് വേണ്ടി എന്തും ചെയ്യാനാവും എന്ന വിശ്വാസം എനിക്കുണ്ട്.”
”പൂര്‍ണത എന്നത് ഒരിക്കലും സംഭവിക്കില്ലെങ്കിലും സിനിമയ്ക്ക് വേണ്ടി ഏതറ്റംവരെ പോകാനും എത്രമാത്രം പരിശ്രമിക്കാനും ഞാനിന്നും തയ്യാറാണ്. ആ വിശ്വാസം തന്നെയാണ് അന്നും ഇന്നും എന്നെ സിനിമയില്‍ പിടിച്ചുനിര്‍ത്തുന്ന ഘടകം” എന്നാണ് ടൊവിനോ പറയുന്നത്. ‘അജയന്റെ രണ്ടാം മോഷണം’ സിനിമയുടെ പ്രമോനിടെയാണ് ടൊവിനോ സംസാരിച്ചത്.