വീട്ടില്‍ ചെന്ന് കയറുമ്പോഴായിരിക്കും ഉമ്മ റേഷന്‍പീടികയിലേക്ക് പറഞ്ഞയക്കുക: ലുക്ക് മാന്‍

ചുരുക്കം കഥാപാത്രങ്ങളിലൂടെത്തന്നെ മലയാള സിനിമയുടെ ഭാവി വാഗ്ദാനമായിരിക്കുകയാണ് ലുക്ക്മാന്‍. അവസാനം പുറത്തിറങ്ങിയ ചിത്രം തല്ലുമാലയില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച ലുക്ക്മാന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം സൗദി വെള്ളക്കയാണ്.

ഇപ്പോഴിതാ തന്റെ കുടുംബത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടന്‍. കാറുമായി ചെന്നാല്‍ മാത്രമേ ആദ്യ സിനിമയിലെ വേഷം ചെയ്യാന്‍ കഴിയു എന്ന സാഹചര്യത്തില്‍ കാര്‍ വടകയ്ക്ക് എടുത്ത് ഡ്രൈവിങ്ങും പഠിച്ച് അഭിനയിക്കാന്‍ പോയതിനെ കുറിച്ചും ലുക്ക്മാന്‍ പറയുന്നുണ്ട്.

ലുക്ക്മാന്റെ വാക്കുകള്‍ ഇങ്ങനെ..

വാപ്പ അവറാനും ഉമ്മ ഹലീമയും ഞങ്ങള്‍ അഞ്ചു മക്കളും അടങ്ങുന്നതാണ് കുടുംബം. ഞാന്‍ രണ്ടാമത്തെയാളാണ്. ഭാര്യ ജുമൈമ ഇപ്പോള്‍ എം.കോം ചെയ്യുന്നു. വീട്ടുകാര്‍ നമ്മളെ സിനിമക്കാരായി കാണാന്‍ ഇപ്പോഴും തയാറായിട്ടില്ല. റിലീസിന് ഒരുങ്ങുന്ന സൗദി വെള്ളക്ക, ആളങ്കം പടങ്ങളില്‍ നായകവേഷമുണ്ടെന്നൊക്കെ പറയാം.

പക്ഷേ, വീട്ടില്‍ ചെന്നാല്‍ നായകപരിഗണനയൊന്നും കിട്ടില്ല. ചെന്ന് കയറുമ്പോഴായിരിക്കും ഉമ്മ റേഷന്‍പീടികയിലേക്ക് പറഞ്ഞയക്കുക. നേരംവൈകി വീട്ടില്‍ വന്നാല്‍ ചോറില്‍ വെള്ളമൊഴിച്ചുവെക്കുമെന്നും ഉമ്മ ഭീഷണി മുഴക്കും,’ ലുക്ക്മാന്‍ പറഞ്ഞു.