എങ്ങനെയെങ്കിലും പണക്കാരനാകണം എന്ന് ചിന്തിച്ചു, അച്ഛന്‍ നേരിട്ട ആ സംഭവമാണ് ചിന്തിപ്പിച്ചു തുടങ്ങിയത്: വിജയ് ദേവരകൊണ്ട

ഒരു മിഡില്‍ ക്ലാസ് കുടുംബത്തില്‍ ജനിച്ച താന്‍ അച്ഛന്‍ നേരിട്ട ഒരു അവസ്ഥ കാരണമാണ് ജീവിത നിലവാരം മെച്ചപ്പെടുത്തണമെന്ന് തീരുമാനിച്ചതെന്ന് നടന്‍ വിജയ് ദേവരകൊണ്ട. ‘ഫാമിലി സ്റ്റാര്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് വിജയ് ഇക്കാര്യം പറഞ്ഞത്.

താന്‍ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് തന്റെ ആന്റിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഒരിക്കല്‍ അച്ഛന്‍ തന്നെ അവിടെ കാണാന്‍ വന്നു. തങ്ങള്‍ താമസിക്കുന്നത് സാധാരണക്കാര്‍ താമസിക്കുന്ന ഒരു കമ്യൂണിറ്റി ഏരിയയിലാണ്. താനാണ് അച്ഛനെ തിരികെ ബസ് സ്റ്റോപ്പില്‍ കൊണ്ടുവിടാന്‍ പോയത്.

നല്ല ചൂടുള്ള ദിവസമായിരുന്നതിനാല്‍, അച്ഛനെ ഒരു എസി ബസില്‍ കയറ്റിവിടാമെന്ന് കരുതി. അങ്ങനെ അരമണിക്കൂറോളം കാത്തിരുന്നു. വന്ന ബസിലാകട്ടെ അച്ഛന്റെ കാലുകുത്താന്‍ പോലും സ്ഥലം ഇല്ലായിരുന്നു. പിന്നീട് വീണ്ടും കാത്തുനിന്ന് ഒരു സാധാ ബസിലാണ് താന്‍ അച്ഛനെ കയറ്റിവിട്ടത്.

അച്ഛന് ഒരു കാര്‍ ഉണ്ടായിരുന്നെങ്കില്‍ അങ്ങനെ പോകേണ്ടി വരില്ലായിരുന്നല്ലോ എന്ന് താന്‍ ചിന്തിച്ചു. അന്ന് മുതല്‍ പണം സമ്പാദിക്കണമെന്ന് താന്‍ ചിന്തിച്ചു തുടങ്ങി. പക്ഷെ അതിനായി എന്തു ചെയ്യണമെന്ന് തനിക്ക് അറിയില്ലായിരുന്നു. പിന്നീട് ആണ് സിനിമയിലെത്തുന്നത് എന്നാണ് വിജയ് പറയുന്നത്.

Read more

അതേസമയം, തന്റെ അച്ഛനും അഭിനേതാവാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എങ്കിലും അതിന് സാധിച്ചില്ലെന്ന് വിജയ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. 2011ല്‍ പുറത്തിറങ്ങിയ ‘നുവ്വില’ എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരകൊണ്ട അഭിനയരംഗത്തേക്ക് എത്തിയത്. ‘അര്‍ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടുന്നത്.