'മരക്കാറി 'ന് വെച്ചതാണ് ഇന്ന് 'കുറുപ്പി 'ന് കൊടുത്തത്, അന്നത് ആരും കേട്ടില്ല, ഇതൊരു പാഠമായിരിക്കട്ടെ: കണക്കുകള്‍ പുറത്തുവിട്ട് ഫിയോക്ക് പ്രസിഡന്റ്

ദുല്‍ഖര്‍ ചിത്രം കുറുപ്പ് തീയേറ്ററുകളില്‍ വലിയ വരവേല്പ് നേടി മുന്നേറുകയാണ്. അമ്പരപ്പിക്കുന്ന കളക്ഷന്‍ കണക്കാണ് ഫിയോക്ക് പ്രസിഡന്റും തീയേറ്റര്‍ ഉടമയുമായ വിജയകുമാര്‍ ഇപ്പോള്‍ തുറന്നു കാട്ടുന്നത്.

ആദ്യ ദിനത്തില്‍കേരളത്തിലെ 505 തീയേറ്റുകളിലും ലോകമെമ്പാടും 1500 സ്‌ക്രീനുകളിലുമാണ് കുറുപ്പ് ഷോ നടത്തിയത്. 12 മണിക്ക് ശേഷവും കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം അഡീഷണല്‍ ഷോ നടത്തി. ചിത്രത്തിന്റെ ആദ്യ ദിന ഗ്രോസ് കളക്ഷന്‍ കേരളത്തില്‍ മാത്രം ആറ് കോടി മുപ്പത് ലക്ഷം രൂപയാണ്, അതില്‍ മൂന്നരക്കോടിയോളം നിര്‍മ്മാതാവിന്റെ വിഹിതവും. അത് കേരളത്തില്‍ ഇതുവരെയുണ്ടാകാത്ത സര്‍വകാല റെക്കോഡാണെന്നും അദ്ദേഹം പറയുന്നു.

25 ദിനങ്ങള്‍ എങ്കിലും മികച്ച റിപ്പോര്‍ട്ട് നല്‍കി കുറുപ്പ് പോകും എന്ന് ഉറപ്പാണ്. ഇനി മരക്കാര്‍ വരുന്നു എന്ന് പറഞ്ഞുകൊണ്ട് കുറുപ്പ് തിയേറ്ററില്‍ നിന്നും പിടിച്ച് മാറ്റാന്‍ തിയേറ്ററര്‍ ഉടമകള്‍ സമ്മതിക്കില്ല. കാരണം കുറുപ്പ് നേട്ടം കൊയ്യുന്നുണ്ട്. 24ന് സുരേഷ് ഗോപിയുടെ കാവല്‍ കൂടി എത്തുന്നുണ്ട്. ഇതെല്ലാം കൊണ്ടുതന്നെ മരക്കാറിന് വേണ്ടി തിയേറ്ററുകള്‍ എല്ലാം ഒഴിച്ചുകാെടുക്കാന്‍ സാദ്ധ്യമല്ല. പടം കളക്ഷന്‍ ഉണ്ടാക്കുന്നുണ്ടെങ്കില്‍ തിയേറ്ററില്‍ തന്നെ തുടരും.

കുറുപ്പിന് പകരം ഇത്ര തിയേറ്ററില്‍ മരക്കാര്‍ എത്തിയിരുന്നെങ്കില്‍ ഇതിലും വലിയ നേട്ടം കൊയ്യാമായിരുന്നു എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. പക്ഷേ അന്ന് അത് ആരും കേട്ടില്ല. 500 തിയേറ്റര്‍, 15 കോടി ഡെപ്പോസിറ്റ്, 21 ദിവസം മിനിമം റണ്‍ ഓഫര്‍ ഞങ്ങള്‍ ചെയ്തതാണ്. എന്നിട്ടും അന്ന് അവര്‍ തയാറായില്ല. അപ്പോഴാണ് കുറുപ്പ് വന്നത്. ഈ പറഞ്ഞതൊക്കെ ഞങ്ങള്‍ കുറുപ്പിന് കൊടുത്തു. അതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്. മറ്റുള്ളവര്‍ക്ക് ഇതൊരു പാഠമാകട്ടെ എന്നാണ് പറയാനുള്ളത്.

Read more

സിനിമ തിയേറ്ററിനുള്ളതാണ്. അത് തിയേറ്ററില്‍ കളിക്കണം. ഏത് പ്രതിസന്ധിയിലും ജനമെത്തും. നല്ലതാണെങ്കില്‍ അവര്‍ വിജയിപ്പിക്കും.’ ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു.