വിവാദങ്ങളെ തികഞ്ഞ പുച്ഛത്തോടെയാണ് കാണുന്നത്, എമ്പുരാന്‍ ഒരു പ്രൊപ്പഗാണ്ട സിനിമയാണോ എന്ന് അറിയില്ല, ഞാന്‍ ഇതുവരെ കണ്ടിട്ടില്ല: വിജയരാഘവന്‍

‘എമ്പുരാന്‍’ സിനിമയ്‌ക്കെതിരെ ഉണ്ടായ വിവാദങ്ങളോട് പുച്ഛം മാത്രമാണെന്ന് നടന്‍ വിജയരാഘവന്‍. വിവാദത്തിനപ്പുറം, ആത്യന്തികമായി പ്രേക്ഷകന് അല്ലെങ്കില്‍ മനുഷ്യന് എന്തെങ്കിലും ഗുണം വേണ്ടേ. പ്രൊപ്പഗാണ്ട ഒരിക്കലും കലയ്ക്ക് പറ്റുന്ന ഒന്നായി തനിക്ക് തോന്നുന്നില്ല എന്നാണ് വിജയരാഘവന്‍ ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. താന്‍ എമ്പുരാന്‍ കണ്ടിട്ടില്ലെന്നും വിജയരാഘവന്‍ പറയുന്നുണ്ട്.

വിജയരാഘവന്റെ വാക്കുകള്‍:

എമ്പുരാനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തികഞ്ഞ പുച്ഛത്തോടെയാണ് ഞാന്‍ കാണുന്നത്. അത് ആരുണ്ടാക്കിയാലും ശരി. നിരവധി അഭ്യൂഹങ്ങളും വേര്‍ഷനുമൊക്കെ ഞാന്‍ കേള്‍ക്കുന്നുണ്ട്. അതൊക്കെ ആളുകള്‍ക്ക് എങ്ങനെ വേണമെങ്കിലും വളച്ചൊടിച്ച് പറയാം. പക്ഷപാതപരമായ രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും അവതരിപ്പിക്കാനും എളുപ്പമാണ്. എന്നിരുന്നാലും വിവാദത്തിനപ്പുറം, ആത്യന്തികമായി പ്രേക്ഷകന് അല്ലെങ്കില്‍ മനുഷ്യന് എന്തെങ്കിലും ഗുണം വേണ്ടേ. മോഹന്‍ലാല്‍, രജനികാന്ത് എന്നൊക്കെ പറയുന്നത് ഒരു സ്റ്റാര്‍ഡം ആണ്.

അതിനെ വില്‍ക്കണമെങ്കില്‍ അതിന്റേതായ കുറേ സംഭവങ്ങള്‍ കൂടി വേണം. ഉദാഹരണത്തിന്, മോഹന്‍ലാലിന്റെ അച്ഛനായി വഴിയേ പോകുന്ന ഒരാളെ വച്ചുകഴിഞ്ഞാല്‍, അത് അച്ഛനാണെന്ന് ആരും വിശ്വസിക്കില്ല. രജനികാന്തിന്റെ കാര്യത്തിലും അങ്ങനെയാണ്. അതുപോലെയുള്ള ഒരാള്‍ രജനികാന്തിന്റെ അച്ഛനായി വന്നാലേ ആളുകള്‍ വിശ്വസിക്കൂ. അവര്‍ അങ്ങനെയൊരു പ്രൊഡക്ട് ആയിത്തീരുകയാണ്. എനിക്ക് അത്തരമൊരു ഇമേജ് ഉണ്ടാകരുത് എന്നാണ് ആഗ്രഹം. പ്രൊപ്പഗാണ്ട ഒരിക്കലും ആളുകള്‍ അംഗീകരിക്കില്ല.

പ്രൊപ്പഗാണ്ട സിനിമകളില്‍ അനുഭവപ്പെടുന്നത് കൊണ്ടാണ് അതിനെതിരെ ആളുകള്‍ സംസാരിക്കുന്നത്, അത് എന്തിനെ പറ്റിയാണെങ്കിലും. പ്രൊപ്പഗാണ്ട ഒരിക്കലും കലയ്ക്ക് പറ്റുന്ന ഒന്നായി എനിക്ക് തോന്നുന്നില്ല. നമ്മള്‍ അറിയാതെ അത് ജനങ്ങളിലേക്കെത്തിക്കണം, അവരത് അറിയരുത്. പ്രശസ്തരായ പ്രാസംഗികര്‍ പ്രസംഗിക്കുമ്പോള്‍ അവര്‍ ഒരിക്കലും ഇതിനെ കുറിച്ച് സംസാരിക്കാറില്ല. എന്നാല്‍ അറിയാതെ അതിലുണ്ടാവുകയും ചെയ്യും. അത് തന്നെയാണ് സിനിമയിലും നാടകത്തിലും വേണ്ടത്. കുഞ്ചന്‍ നമ്പ്യാര്‍ എന്തായിരുന്നു, ആ കാലത്ത് രാജാവിനെ വരെ വിമര്‍ശിച്ചിരുന്നു.

വിമര്‍ശനം ആണെന്ന് തോന്നുകയില്ല. എമ്പുരാന്‍ ഒരു പ്രൊപ്പഗാണ്ട സിനിമയാണോ എന്ന് എനിക്ക് അറിയില്ല, എമ്പുരാന്‍ ഞാന്‍ കണ്ടില്ല. ആളുകള്‍ പറയുന്നത് കേള്‍ക്കുന്നത് അല്ലാതെ, അത് എന്താണെന്ന് എനിക്കറിയില്ല. ഞാന്‍ ആ സിനിമയെ കുറിച്ച് അല്ല പറയുന്നത്. ഏതൊരു കാര്യമാണോ ഒരു പ്രൊപ്പഗാണ്ട ആയി നമ്മള്‍ ഉപയോഗിക്കുന്നത്, അത് പ്രൊപ്പഗാണ്ട ആണെന്ന് തോന്നിയാല്‍ നമ്മള്‍ വിചാരിക്കുന്ന ആ സംഭവത്തിലേക്ക് അത് എത്തില്ല.