ഇനി എനിക്ക് മമ്മൂസിന്റെ അച്ഛനായി അഭിനയിക്കണം, അതിന് മമ്മൂട്ടി മറുപടിയും പറഞ്ഞിരുന്നു: വിജയരാഘവന്‍

മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് നടന്‍ വിജയരാഘവന്‍. ‘പൂക്കാലം’ എന്ന സിനിമയില്‍ പടുവൃദ്ധനായി വേഷമിട്ട താരത്തിന്റെ മേക്കോവറും പെര്‍ഫോമന്‍സും ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിനിടെയാണ് ഇനി മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കണമെന്ന ആഗ്രഹം താരം പറഞ്ഞത്.

”വെനീസിലെ വ്യാപാരി എന്ന സിനിമ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ്, ഞാനതില്‍ വയസന്‍ വേഷത്തിലാണ് എത്തുന്നത്. ഞാന്‍ മമ്മൂട്ടിയെ മമ്മൂസ് എന്നാ വിളിക്കുന്നത്. ‘ഇയാള്‍ക്കി വയസന്‍ വേഷം ചെയ്യാന്‍ എന്താ ഇത്ര താത്പര്യം. അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ’ എന്നാണ് ആ സമയത്ത് മമ്മൂസ് എന്നോട് ചോദിച്ചത്.”

”ഞാന്‍ പറഞ്ഞു എനിക്കതാണ് ഇഷ്ടമെന്ന്. ശേഷം നിങ്ങടെ അച്ഛനായിട്ട് അഭിനയിക്കണം എന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഇത് കേട്ട് ചിരിക്കുകയാണ് മമ്മൂസ് ചെയ്തത്” എന്നാണ് വിജയരാഘവന്‍ ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, 71 വയസുകാരനായ വിജയരാഘവന്‍ 100 വയസുള്ള അപ്പൂപ്പനായാണ് പൂക്കാലം സിനിമയില്‍ വേഷമിട്ടത്. ഗണേഷ് രാജ് ആണ് രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. ഇട്ടൂപ്പ് എന്ന കഥാപാത്രമായി വിജയരാഘവന്‍ എത്തിയപ്പോള്‍ ഭാര്യ കൊച്ചുത്രേസ്യാമ്മയായി കെപിഎസി ലീലയാണ് എത്തിയത്.

ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, ജോണി ആന്റണി, അരുണ്‍ കുര്യന്‍, അനു ആന്റണി, റോഷന്‍ മാത്യു, ശരത് സഭ, അരുണ്‍ അജിത് കുമാര്‍, അരിസ്റ്റോ സുരേഷ്, അമല്‍ രാജ്, കമല്‍ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.