ആര്‍.എസ് വിമലിന്റെ 'കര്‍ണന്‍' ഉപേക്ഷിച്ചോ? ഒടുവില്‍ മറുപടി പറഞ്ഞ് വിക്രം

വിക്രത്തെ നായകനാക്കി ആര്‍.എസ് വിമല്‍ പ്രഖ്യപിച്ച സിനിമയായിരുന്നു ‘മഹാവീര്‍ കര്‍ണന്‍’. എന്നാല്‍ 2018ല്‍ പ്രഖ്യാപിച്ച സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളോ അപ്‌ഡേഷനുകളോ വന്നിട്ടില്ല. ചിത്രം ഉപേക്ഷിച്ചോ എന്ന ചോദ്യത്തോട് ഇല്ല എന്ന് സോഷ്യല്‍ മീഡിയയില്‍ ആര്‍.എസ് വിമല്‍ മറുപടി നല്‍കിയിരുന്നു.

കര്‍ണന്റെ ലൊക്കേഷനില്‍ നിന്നുള്ള ഏതാനും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചിത്രത്തെ കുറിച്ച് വിവരങ്ങള്‍ ഒന്നുമില്ല. ഇതിനിടെ വിക്രം ചിത്രത്തില്‍ നിന്നും പിന്മാറി എന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു.

കര്‍ണനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് വിക്രം ഇപ്പോള്‍. കര്‍ണന്‍ സിനിമയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നും ചിത്രം അവസാനിച്ചിട്ടില്ല എന്നുമാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വിക്രം മറുപടി നല്‍കിയത്.

‘പൊന്നിയിന്‍ സെല്‍വന്‍ 2’ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് വിക്രം കര്‍ണനെ കുറിച്ചും സംസാരിച്ചത്. അതേസമയം, ഏപ്രില്‍ 8ന് ആണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ഐശ്വര്യ റായ്, ജയം രവി, കാര്‍ത്തി, തൃഷ, ജയറാം, ശോഭിത ധൂലിപാല എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.