സിനിമയ്ക്ക് കോംപ്രമൈസ് ചെയ്യുന്ന പോലെ അതെനിക്ക് കോംപ്രമൈസ് ചെയ്യാൻ കഴിയില്ല, പണ്ടുമുതലേ ആർഭാട ജീവിതം ആഗ്രഹിച്ചിരുന്നു: വിൻസി അലോഷ്യസ്

ചുരുങ്ങിയ കാലയളവിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത താരമാണ്  വിൻസി അലോഷ്യസ്. ടെലിവിഷൻ അവതാരികയായും മറ്റും കഴിവ് തെളിയിച്ച വിൻസി അലോഷ്യസ് ‘വികൃതി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

ഇപ്പോഴിതാ തന്റെ വിവാഹ സങ്കൽപങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് വിൻസി അലോഷ്യസ്. മറ്റ് കോംപ്രമൈസുകൾ പോലെ വിവാഹത്തിന്റെ കാര്യത്തിൽ കോംപ്രമൈസ് ചെയ്യാൻ കഴിയില്ലെന്നാണ് വിൻസി അലോഷ്യസ് പറയുന്നത്. കൂടാതെ പണ്ടുമുതലേ ആർഭാട ജീവിതം വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെന്നും അങ്ങനെയാണ് ആർക്കിടെക്ചർ പഠിക്കാൻ പോയതെന്നും വിൻസി പറയുന്നു.

“അപ്പന്റെയും അമ്മയുടെയും ഏകദേശം എല്ലാ ആഗ്രഹങ്ങളും ഞാൻ നടത്തിയിട്ടുണ്ട്. പിന്നെ അവർ പറയുന്നത് കല്ല്യാണത്തെ  പറ്റിയാണ്, സിനിമയ്ക്ക് കോംപ്രമൈസ് ചെയ്യുന്ന പോലെ അതെനിക്ക് കോംപ്രമൈസ് ചെയ്യാൻ കഴിയില്ല. വിവാഹത്തെ കുറിച്ചൊന്നും ഞാൻ ചിന്തിക്കാറില്ല. ഒരു വിവാഹജീവിതം ഉണ്ടാവുമോ എന്നാണ് ഞാൻ ആലോചിക്കുന്നത്. എന്റെ ഭാഗത്തുനിന്നും അങ്ങനെയൊരു കാര്യം പ്രതീക്ഷിക്കരുതെന്ന് ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട്. പ്രണയങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ അത് എവിടെവരെ എത്തുമെന്ന് എനിക്ക് ഒരു ഐഡിയയും ഇല്ല. അമ്മയ്ക്ക് പിന്നെയൊരു ആഗ്രഹമുള്ളത് യാത്ര പോകണം എന്നതാണ്. അത് നടത്തി കൊടുക്കണം.

ആർഭാടത്തോടെയുള്ള ജീവിതം വേണമെന്ന് തന്നെയായിരുന്നു ആഗ്രഹം. സിനിമ നടന്നില്ലെങ്കിൽ നല്ലൊരു കുടുംബമുണ്ടാക്കണം. നല്ലൊരു ചെക്കനെ വിവാഹം കഴിക്കണം. കുട്ടികളൊക്കെ ആയി. നല്ലൊരു ജോലിയും ഒക്കെ വേണം എന്നായിരുന്നു. ഒരു ഹൈ ഫൈ ജീവിതം. അതാണ് ആഗ്രഹിച്ചത്. എന്നാൽ അതിലേക്ക് കേറിയപ്പോഴാണ് ലക്ഷ്വറിയല്ല, അതല്ലാത്ത വേറെ കുറെ കാര്യങ്ങൾ ഇതിലുണ്ടെന്ന് മനസിലാകുന്നത്” മൈൽസ്റ്റോൺ മെക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിൻസി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ജിതിൻ തോമസ് ഐസക് സംവിധാനം ചെയ്ത രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും വിൻസി ഈയടുത്ത് സ്വന്തമാക്കിയിരുന്നു. കുഞ്ചാക്കോ ബോബൻ നായകനയെത്തിയ പദ്മിനിയാണ് വിൻസിയുടെ അവസാനമിറങ്ങിയ ചിത്രം. മാരിവില്ലിൻ ഗോപുരങ്ങൾ, പഴഞ്ചൻ പ്രണയം തുടങ്ങീ നിരവധി ചിത്രങ്ങളാണ് വിൻസിയുടെ വരാൻ പോവുന്ന പ്രൊജക്ടുകൾ.