ചുരുങ്ങിയ കാലയളവിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത താരമാണ് വിൻസി അലോഷ്യസ്. റിയാലിറ്റി ഷോകളിലൂടെയും ടെലിവിഷൻ അവതാരികയായും കഴിവ് തെളിയിച്ച വിൻസി അലോഷ്യസ് ‘വികൃതി’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
ഇപ്പോഴിതാ ഒരു സിനിമയുടെ പേരിൽ തനിക്കുണ്ടായ ബുദ്ധിമുട്ടിനെ കുറിച്ച് സംസാരിക്കുകയാണ് വിൻസി അലോഷ്യസ്. സിനിമ എന്നുപറയുന്നത് എപ്പോഴും പ്രവാചനാതീതമാണെന്നും ചിലപ്പോഴൊക്കെ അത് നമ്മുടെ മാനസികാരോഗ്യത്തെവരെ ബാധിക്കുമെന്നും വിൻസി പറയുന്നു.
“ഒരു സിനിമ വന്നു. നല്ല കഥാപാത്രം. അവർക്ക് ഞാൻ മെലിയണമായിരുന്നു. പുലർച്ചെ എഴുന്നേറ്റ് അപ്പച്ചനൊപ്പം ഓടാൻ തുടങ്ങി. ഭക്ഷണം കുറച്ചു. തടിഒതുങ്ങി തുടങ്ങി. പക്ഷേ സിനിമ തുടങ്ങുന്നതിന് മുന് ദിവസം മുൻപ് വിളിച്ച് എന്നെ ഒഴിവാക്കിയെന്ന് പറഞ്ഞു. മുറിയടച്ചിരുന്ന് കരഞ്ഞു. കാത്തിരുന്ന് കിട്ടിയത് കൈയീന്ന് പോയതുകൊണ്ട് തടി തിരികെപിടിക്കാൻ തുടങ്ങി. ഡിപ്രഷനും ആങ്സൈറ്റിയും എന്താണെന്ന് അറിയുന്നത് അപ്പോഴാണ്. ഒന്നും ശരിയാകുന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് വികൃതിയിലേക്ക് വിളിക്കുന്നത്. അത് നല്ലൊരു തുടക്കമായിരുന്നു.
പിന്നീട് കോവിഡ് വന്നതും ബാധിച്ചു. അതിന് ശേഷം വർക്കുകൾ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് മാർട്ടിൻ പ്രക്കാട്ട് പരസ്യചിത്രത്തിലേക്ക് വിളിക്കുന്നത്.
അവിടെ ചെന്നപ്പോൾ വണ്ടറടിച്ചു പോയി. മഞ്ജു ചേച്ചിക്കൊപ്പമായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. ക്യാമറ ചെയ്യുന്നത് ജോമോൻ ടി ജോൺ. ഷൂട്ട് തുടങ്ങിയപ്പോൾ ഞാനാകെ പെട്ടു. 24 ടേക്ക് വരെ എടുത്തു. എല്ലാവരുടെയും ക്ഷമ പരീക്ഷിച്ചു. പേടി കയറിയാൽ കൈയീന്ന് പോവുമെന്ന് അന്ന് ഞാൻ പഠിച്ചു.” ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ വിൻസി അലോഷ്യസ് പറഞ്ഞു.
View this post on Instagram
Read more
ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും വിൻസി ഈയടുത്ത് സ്വന്തമാക്കിയിരുന്നു. കുഞ്ചാക്കോ ബോബൻ നായകനയെത്തിയ പദ്മിനിയാണ് വിൻസിയുടെ അവസാനമിറങ്ങിയ ചിത്രം. മാരിവില്ലിൻ ഗോപുരങ്ങൾ, പഴഞ്ചൻ പ്രണയം തുടങ്ങീ നിരവധി ചിത്രങ്ങളാണ് വിൻസിയുടെ വരാൻ പോവുന്ന പ്രൊജക്ടുകൾ.