ധീരജിന്റെ വീട്ടില്‍ ഇനി സന്തോഷമില്ല, നിഖിലിന്റെ വീട്ടില്‍ മനഃസമാധാനവുമില്ല ആര് എന്ത് നേടി ?' വിനോദ് കോവൂര്‍

ഇടുക്കി എന്‍ജിനീയറിംഗ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായ ധീരജ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ വിനോദ് കോവൂര്‍. ധീരജിന്റെ കുടുംബത്തിന്റെ സന്തോഷവും നിഖിലിന്റെ കുടുംബത്തിന്റെ മനഃസമാധാനവും നഷ്ടമായി. ഇതിലൂടെ എന്താണ് നേടിയത് എന്ന് അദ്ദേഹം ചോദിച്ചു.

ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘ധീരജിന്റെ വീട്ടില്‍ ഇനി സന്തോഷമില്ല. നിഖിലിന്റെ വീട്ടില്‍ മനഃസമാധാനവുമില്ല ആര് എന്ത് നേടി ?’ വിനോദ് കോവൂര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

അതേസമയം, ധീരജിനെ കുത്തി കൊലപ്പെടുത്തുകയും മറ്റ് രണ്ട് വിദ്യാര്‍ത്ഥികളെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലിയുടേയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ജെറിന്‍ ജോജോയുടേയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊലക്കുറ്റത്തിനാണ് നിഖിലെനെതിരെ കേസെടുത്തിരിക്കുന്നത്. വധശ്രമം സംഘം ചേരല്‍ എന്നീ വകുപ്പുകളാണ് ജെറിന്‍ ജോജോയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്.

Read more

രാഷ്ട്രീയ കൊലപാതകമെന്നാണ് എഫ് ഐ ആര്‍. അതേ സമയം കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പൊലീസ് നിഗമനം. ഇതു സംബന്ധിച്ച് അന്വേഷണവും ഊര്‍ജ്ജിതമാണ്. തിങ്കളാഴ്ച ഉച്ചയോടെയാണ് ധീരജിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിക്കൊന്നത്. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് എഴാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ് തളിപ്പറമ്പ് പാല്‍കുളങ്ങര രാജേന്ദ്രന്റെ മകന്‍ ധീരജ്. കുത്തേറ്റ അഭിജിത് ടി സുനില്‍, അമല്‍ എ എസ് എന്നിവര്‍ ചികിത്സയില്‍ കഴിയുകയാണ്.