ചെയ്യാത്ത തെറ്റിനാണ് ഒമ്പത് മാസം അനുഭവിച്ചത് : തുറന്നുപറഞ്ഞ് വിനോദ് കോവൂര്‍

ചെയ്യാത്ത തെറ്റിന് ലഭിച്ച ശിക്ഷയെ കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ വിനോദ് കോവൂര്‍. ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചാണ് വിനോദ് കോവൂര്‍ ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞത്.

എനിക്ക് 9 മാസം കാറും ബൈക്കും ഓടിക്കാതിരിക്കേണ്ടി വന്നു. ലൈസന്‍സ് പുതുക്കാനായി മറന്നു പോയിരുന്നു. 2000ലാണ് ലൈസന്‍സ് എടുത്തത്. ആരും എവിടേയും എന്നോട് ലൈസന്‍സ് ചോദിച്ചിരുന്നില്ല. പേഴ്സില്‍ അത് ഭദ്രമായി ഇരിക്കുകയായിരുന്നു. അടുത്ത കാലത്ത് എന്റെ വണ്ടി ആക്സിഡന്റായപ്പോള്‍ ഇന്‍ഷുറന്‍സ് ക്ലെയിമിന് വേണ്ടി കൊടുത്തിരുന്നു. അവരാണ് പറഞ്ഞത് ഇതിന്റെ കാലാവധി കഴിഞ്ഞതാണെന്ന്. മാറിയെടുക്കേണ്ടി വരുമെന്ന് പറഞ്ഞതോടെ ഞാന്‍ ഡ്രൈവിംഗ് പഠിച്ച സ്ഥലത്ത് പോയി അവരോട് ചോദിച്ചു.

പുതിയതായി ലൈസന്‍സ് എടുക്കേണ്ടി വരുമെന്നും എച്ചും എട്ടുമൊക്കെ ഇനിയും വരക്കേണ്ടി വരുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്. ഫോട്ടോയൊക്കെ കൊടുത്താണ് അവിടെ നിന്നും പോന്നത്. അത് കഴിഞ്ഞതിന് ശേഷം പിന്നെ എന്നെ സൈബര്‍ സെല്ലില്‍ നിന്നുള്ളവരാണ് വിളിച്ചത്. എന്റെ ലൈസന്‍സ് കൃത്രിമമായുണ്ടാക്കിയതായിരുന്നു. ആ സ്ഥാപനം പൂട്ടിച്ചു. എന്റെ ലൈസന്‍സ് തൊണ്ടിമുതലായി പോവാനും തുടങ്ങി. എനിക്ക് ലൈസന്‍സും ഇല്ല വാഹനമോടിക്കാനും പറ്റാത്ത അവസ്ഥയായിരുന്നു.

Read more

അമ്മ ആശുപത്രിയിലായിരുന്ന സമയത്തെല്ലാം കിട്ടുന്ന ബസിനും ട്രെയിനിലുമെല്ലാം കയറിയാണ് നാട്ടിലേക്ക് എത്തിയിരുന്നത്. 9 മാസത്തെ കാത്തിരിപ്പിനൊടുവില്‍ അടുത്തിടെയായാണ് എനിക്ക് ലൈസന്‍സ് കിട്ടിയത്. ഡ്രൈവിംഗ് ലൈസന്‍സിലെ പോലെ തന്നെയായിരുന്നു. ജീവിതത്തിലെ വലിയൊരു സംഭവമായിരുന്നു ഇതെന്നും വിനോദ് കോവൂര്‍ പറഞ്ഞു.