കമന്റായി തെറി എഴുതിയാല്‍ സിനിമയ്ക്കുള്ള അഭിനന്ദനം, ചുരുളിയില്‍ വാക്കാണു പ്രശ്നമെങ്കില്‍ ചതുരത്തില്‍ ദൃശ്യമാകും പ്രശ്നം: വിനോയ് തോമസ്

യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് വിനോയ് തോമസ് ‘കളിഗെമിനാറിലെ കുറ്റവാളികള്‍’ എഴുതിയത്. ആ കഥയെ ആസ്പദമാക്കി ലിജോ ജോസ് പെല്ലിശേരിയെന്ന സംവിധായകന്‍ പ്രേക്ഷകരെ ദൃശ്യാനുഭവത്തിന്റെ പുതിയ തലങ്ങളിലെത്തിച്ചു. അതായിരുന്നു ചുരുളി. ഇപ്പോഴിതാ ചിത്രത്തിലെ തെറിവാക്കുകളെക്കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് വിനോയ് തോമസ് . മനോരമയുമായുള്ള അഭിമുഖത്തിലാണ് വിനോയ് മനസ്സുതുറന്നത്.

വിനോയ്യുടെ വാക്കുകള്‍

സിനിമ പൂര്‍ണമായി കണ്ടവര്‍ക്ക് നല്ല അഭിപ്രായമാണുള്ളത്. സിനിമയെ വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ സിനിമ പോലും കാണാത്തവരുടെ വിമര്‍ശനം ഒടിടി കാഴ്ചയുടെ സംസ്‌കാരത്തെക്കുറിച്ച് അറിവില്ലാത്തതില്‍ നിന്നാണ്. ഒടിടി കാഴ്ചയുടെ സംസ്‌കാരം ചര്‍ച്ചയാകണം. സിനിമയിലെ തെറിയെ പലരും നെഗറ്റീവായി കാണുന്നുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമെന്നാല്‍ ടിവി ചാനല്‍ പോലെയാണെന്ന ധാരണയാണ് ചിലര്‍ക്ക്. ഒടിടി പ്ലാറ്റ്‌ഫോമില്‍ നമ്മള്‍ ഒരു അക്കൗണ്ടെടുത്ത് സിനിമ കാണുന്നതാണ്.

സ്വകാര്യമായ ഒന്നാണത്. അതിനാലാണ് തിയറ്റര്‍ റിലീസ് ചെയ്യാത്തത്. ഇവിടെ നടക്കുന്ന ക്രൈം എന്നത് സിനിമയുടെ ക്ലിപ്പ് പ്രചരിപ്പിക്കുന്നവര്‍ ചെയ്യുന്നതാണ്. ചര്‍ച്ചയാകേണ്ട വിഷയങ്ങളെ ബോധപൂര്‍വം വഴി തിരിച്ചു വിടുകയാണു ചിലര്‍. എന്റെ പുതിയ ചിത്രം ചതുരമാണ്. അതില്‍ ലിംഗ രാഷ്ട്രീയമാണ് പറയുന്നത്. അതും വിവാദമാക്കാന്‍ ചിലരുണ്ടാകും. ചുരുളിയില്‍ വാക്കാണു പ്രശ്‌നമെങ്കില്‍ ചതുരത്തില്‍ ദൃശ്യമാകും പ്രശ്‌നം.

Read more

സാധാരണ ഒരു കാര്യത്തോട് എതിര്‍പ്പാണെങ്കില്‍ സാമൂഹിക മാധ്യമങ്ങളില്‍ തെറി വിളിക്കുക എന്നതാണ് പലരുടെയു ശീലം. ഇവിടെ കമന്റായി തെറി എഴുതാന്‍ പറ്റുന്നില്ല. തെറി എഴുതിയാല്‍ ചുരുളിക്കുള്ള അഭിനന്ദനമായി മാറും. കലയുടെ സാധ്യത അതാണെന്നു ഞാന്‍ കരുതുന്നു.