' അമുല്‍ ഗേള്‍'; ദേശീയ പുരസ്‌കാര ശോഭയില്‍ ശോഭാ തരൂര്‍

ഇത്തവണ ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ പട്ടികയില്‍ അമുല്‍ ഗേള്‍ ശോഭാ തരൂരും ഉള്‍പ്പെട്ടിരുന്നു. കേരള ടൂറിസത്തിനുവേണ്ടി സിറാജ് ഷാ സംവിധാനം ചെയ്ത ‘റാപ്‌സഡി ഓഫ് റെയിന്‍സ്-മണ്‍സൂണ്‍സ് ഓഫ് കേരള’ എന്ന ഡോക്യുമെന്ററിക്ക് ശബ്ദം നല്‍കിയതിനാണ് ശോഭാ തരൂരിന് പുരസ്‌കാരം ലഭിച്ചത്.

കേരളത്തിലെ മഴയെ കുറിച്ചുള്ള വിശ്വാസങ്ങള്‍ ഉള്‍പെടുത്തി നിര്‍മ്മിച്ച ഡോക്യുമെന്ററിയില്‍ മലയാളവും ഇംഗ്ലീഷും ഇടകലര്‍ത്തിയുള്ള വിവരണത്തിനാണ് പുരസ്‌കാരം.

അമുല്‍ ഗേള്‍

ശശീ തരൂര്‍ എംപിയുടെ മൂത്ത സഹോദരിയും എഴുത്തുകാരിയുമായ ശോഭാ തരൂരാണ് അമുല്‍ ഗേള്‍. ഇന്നും ഇന്നലെയും തുടങ്ങിയതല്ല പതിറ്റാണ്ടുകളായി അമുല്‍ പരസ്യത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് ഈ പെണ്‍കുട്ടി തന്നെയാണ്.

1966ലാണ് അമുല്‍ ബട്ടറിനായി ഒരു പരസ്യ കാമ്പയ്ന്‍ തുടങ്ങാന്‍ അമുല്‍ തീരുമാനിച്ചത്. അങ്ങനെ കുട്ടികളെ ബന്ധപ്പെടുത്തി പരസ്യം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. അതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുട്ടികളുടെ ചിത്രങ്ങള്‍ ക്ഷണിച്ചെങ്കിലും ലഭിച്ച 700ലധികം ചിത്രങ്ങളും തിരസ്‌കരിക്കപ്പെടുകയായിരുന്നു. അങ്ങനെയാണ് ചന്ദ്രന്‍ തരൂരിന്റെ മൂത്തമകള്‍ ഈ പരസ്യത്തിലേക്ക് എത്തിയത്.